ബിജെപി നേതാക്കള്‍ക്കെതിരെ 502 കോടി രൂപയുടെ അഴിമതി ആരോപണം

single-img
14 August 2017

പാട്‌ന: ബിജെപിക്കെതിരെ അഴിമതിയാരോപണവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. നഗരവികസനത്തിനായി ബീഹാര്‍ സര്‍ക്കാര്‍ അനുവദിച്ച 502 കോടി രൂപ ബിജെപി തട്ടിയെടുത്തതായാണ് ആരോപണം. മുഖ്യമന്ത്രി നഗര്‍ വികാസ് യോജന പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് അനുവദിച്ച പണം വകമാറ്റി അഴിമതി നടത്തിയെന്നാണ് ആരോപണം.

പദ്ധതിക്കായുള്ള പണം ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ ഈ പണം ശ്രീജന്‍ മഹിള വികാസ് സഹയോഗ് സമിതി എന്ന സന്നദ്ധ സംഘടനയിലേക്ക് മാറ്റിയാണ് അഴിമതി നടത്തിയിരിക്കുന്നത്. അഴിമതിക്ക് പിന്നില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളാണെന്നും ലാലു ആരോപിക്കുന്നു.

ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സന്നദ്ധ സംഘടന പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ സ്ത്രീകള്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘടനയാണിത്. ഈ സംഘടനയുമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ലാലു ആരോപിക്കുന്നു. അതിനാല്‍ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. ഈ കേസില്‍ ഇതുവരെ ഏഴുപേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഘടനയുടെ സ്ഥാപകയായ മനോരമ ദേവിയുമായി ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈന്‍, ഗിരിരാജ് സിംഗ് എന്നിവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ലാലു അഭിപ്രായപ്പെട്ടു. ഇരുവരും മനോരമ ദേവിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. മനോരമ ദേവി ഏപ്രില്‍ മാസത്തില്‍ മരിച്ചു. അതേസമയം ആരോപണം മുന്‍ എംപിയും ബിജെപി വക്താവുമായ ഷാനവാസ് ഹുസൈന്‍ നിഷേധിച്ചു. തനിക്ക് മനോരമ ദേവിയെ അറിയാമെന്നും എന്നാല്‍ അഴിമതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.