പ്രാണവായു കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹത്തോടും യോഗി സര്‍ക്കാരിന്റെ ക്രൂരത: ആംബുലന്‍സുകള്‍ വിട്ടുകൊടുത്തില്ല

single-img
13 August 2017

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥിന്റ ഉത്തര്‍പ്രദേശ് കുഞ്ഞുങ്ങളുടെ മരണ ഭൂമിയായി മാറുമ്പോഴും ആശുപത്രി അധികൃതരുടെ അനാസ്ഥ തുടരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹത്തോടും ഇപ്പോള്‍ ആശുപത്രി അധികൃതര്‍ അനാദരവ് കാണിക്കുകയാണ്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാതെ സമീപവാസികളുടെ ബൈക്കുകളിലും, റിക്ഷകളിലുമാണ് രക്ഷിതാക്കള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സ് ലഭ്യമല്ല എന്ന മുടന്തന്‍ ന്യയീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്.

യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉള്‍വശം. രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയില്‍ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിലുട നീളം യോഗി ആദിത്യനാഥ് വികസന പ്രവര്‍ത്തനങ്ങള്‍ വിളിച്ചോതിയ ആശുപത്രിയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ രോഗികളായ കുട്ടികളും അവര്‍ക്കൊപ്പമുള്ള രക്ഷിതാക്കളും വലയുന്നത്.

അതേസമയം പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇടപെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി മജിസ്‌ട്രേറ്റതല അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് മസ്തിഷ്‌കജ്വരം മൂലമാണെന്ന് വാദത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്തതും വന്‍വിവാദമായിട്ടുണ്ട്.

എന്നാല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചിരുന്നു. എന്നാല്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി യുപി ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍ നല്‍കിയ കത്ത് പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കി.