യോഗി ആദിത്യനാഥിന്റെ വാദം പൊളിഞ്ഞു: ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി എഴുതിയ കത്ത് പുറത്ത്

single-img
13 August 2017

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവം ഓക്‌സിജന്‍ ക്ഷാമം മൂലമല്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം പൊളിയുന്നു. ഓക്‌സിജന്‍ ലഭ്യതയിലുള്ള കുറവ് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് എഴുതിയ കത്ത് പുറത്തായി. കുട്ടികളുടെ വാര്‍ഡില്‍ ഓക്‌സിജന്‍ ലഭ്യത അപകടകരമാംവിധം കുറവാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോറേജ് പ്ലാന്റിലെ ജീവനക്കാരാണ് വ്യാഴാഴ്ച രാവിലെ കത്തെഴുതിയത്.

വ്യാഴാഴ്ച രാത്രിയിലേക്ക് ഓക്‌സിജന്‍ ലഭ്യമല്ലെന്നും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ മെഡിക്കല്‍ ഓഫീസറെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. മണിക്കൂറുകള്‍ക്കകമാണ് 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചത്.

ഒരാഴ്ച മുമ്പും സമാനമായ കത്ത് അയച്ചിരുന്നിട്ടും നടപടി ഉണ്ടായിരുന്നില്ല. ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ 30 കുട്ടികളാണ് മരിച്ചത്. 10, 11 തീയതികളില്‍ 30 പേരും മരിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സമയത്താണ് ഈ മരണങ്ങള്‍ നടന്നത്. ഏഴിന് ഒമ്പതു കുട്ടികള്‍ മരിച്ചപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നെങ്കില്‍ പിന്നീടുള്ള കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു.

ജാപ്പനീസ് എന്‍സെഫലൈറ്റിസ്, അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം എന്നിവ വ്യാപകമായ മേഖലയാണിത്. നൂറുകണക്കിന് കുട്ടികളാണ് മഴക്കാലത്ത് രോഗബാധിതരാകുന്നത്. ജനുവരി മുതല്‍ ആഗസ്റ്റ് എട്ടുവരെ 476 പേരെയാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 117 പേര്‍ മരിച്ചു.