അമേരിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധറാലിക്ക് നേരെ ആക്രമണം; കാറിടിച്ച് കയറ്റി ഒരാള്‍ കൊല്ലപ്പെട്ടു

single-img
13 August 2017

വാഷിംഗ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ വെളുത്തവര്‍ഗക്കാര്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ കാറിടിച്ച് കയറി ഒരാള്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. വിര്‍ജീനിയയിലെ ഷാര്‍ലറ്റ് വില്ലയിലാണ് അപകടം ഉണ്ടായത്. വെള്ളക്കാരുടെ ചരിത്രം പറയുന്ന പ്രതിമകള്‍ നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ റാലി.

വിര്‍ജീനിയയില്‍ തന്നെ മറ്റൊരു അപകടത്തില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ തന്നെ നടന്ന ഒരു ഹെലികോപ്ടര്‍ അപകടമാണ് രണ്ടുപേരുടെ ജീവനെടുത്തത്. ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റും പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്.

അതേസമയം ഷാര്‍ലറ്റ് വില്ലയില്‍ പ്രതിഷേധക്കാരുടെ മേല്‍ കാറിടിച്ച് കയറിയ സംഭവം ആകസ്മികമല്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.

വംശീയ വിദ്വേഷങ്ങളെയും അതിന്റെ പേരില്‍ ഉണ്ടാകുന്ന അക്രമങ്ങളെയും ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രധിഷേധക്കാരും ഇതിനെ എതിര്‍ക്കുന്നവരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം തുടര്‍ന്നുവരികയാണ്, ഇവിടെ നിരോധനാജ്ഞ വരെ പ്രഖ്യാപിക്കേണ്ടിവന്നിരുന്നു.

19ാം നൂറ്റാണ്ടില്‍ അമേരിക്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തെ നയിച്ച ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരേയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.