ടെസ്റ്റ് മത്സരമാണെന്ന കാര്യം പാണ്ഡ്യ ‘മറന്നു’: തകര്‍പ്പന്‍ സെഞ്ച്വറിക്കായി ഒരോവറില്‍ അടിച്ചെടുത്തത് 26 റണ്‍സ്

single-img
13 August 2017

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു താരം. 87 പന്തില്‍ നിന്ന് പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ശതകം. സെഞ്ച്വറി നേടിയ പാണ്ഡ്യ ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ചവെച്ചത്.

ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തിയുള്ള പാണ്ഡ്യയുടെ സെഞ്ചുറിക്കുതിപ്പ് അത്യുഗ്രനായിരുന്നു. ഒന്‍പതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
മത്സരത്തിലെ 116 ആം ഓവറിലായിരുന്നു പാണ്ഡ്യ വിശ്വരൂപം പൂണ്ടത്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു പാണ്ഡ്യ. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലും. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ പാണ്ഡ്യ മൂന്നും നാലും അഞ്ചും പന്തുകള്‍ നിലം തൊടാതെ പറത്തി. ഇതോടെ ആ ഓവറില്‍ പിറന്നത് 26 റണ്‍സ്.

ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പാണ്ഡ്യ സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. തുടര്‍ന്ന് സെഞ്ചുറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം. അതിനുശേഷം ശിഖര്‍ ധവാനെ അനുകരിച്ചുള്ള പാണ്ഡ്യയുടെ ആഹ്ലാദ പ്രകടനം ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ചിരി പടര്‍ത്തി.