പാകിസ്താന്‍ സൈനിക വാഹനത്തില്‍ സ്‌ഫോടനം: 15 മരണം

single-img
13 August 2017

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി സൈനികവാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സൈനികരും നാട്ടുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു.

തീവ്രവാദി ആക്രമണമാണ് ഇതെന്നും മരിച്ചവരില്‍ എട്ടുപേരും പരിക്കേറ്റവരില്‍ 10 പേരും സൈനികരാണെന്നും സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു. സൈനിക വാഹനം ക്വെറ്റയിലെ പിഷിന്‍ സ്റ്റോപ്പ് ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെയായിരുന്നു സ്‌ഫോടനം.

സഫോടനത്തെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. പരിക്കേറ്റവര്‍ ക്വെറ്റയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് മെമനൂന്‍ ഹുസൈന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ എന്നിവര്‍ അപലിപ്പിച്ചു.

രാജ്യത്തിന്റെ 70 ാമത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടന്ന ആക്രമണം ആഘോഷങ്ങളെ കെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് സൈനിക മേധാവി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.