മുരുകന് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ്: തമിഴ്‌നാട്ടുകാരനായതിനാലാണ് ചികിത്സ നിഷേധിച്ചതെന്ന് ആംബുലന്‍സ് ഉടമ

single-img
13 August 2017

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. മുരുകന് ചികിത്സ നിഷേധിച്ചിട്ടില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സില്‍ എത്തി പരിശോധിച്ചിരുന്നു.

വെന്റിലേറ്റര്‍ സൌകര്യമുള്ള ആംബുലന്‍സിലാണ് മുരുകന്‍ കിടന്നിരുന്നത്. അതുകൊണ്ടാണ് ഉടനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്. ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു. അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ പകരം സംവിധാനം ഒരുക്കാമെന്ന് ഉറപ്പു നല്‍കിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.

മുഴുവന്‍ വെന്റിലേറ്ററിലും ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജിന്റെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അതേസമയം, മുരുകന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഉടമ രംഗത്തെത്തി. മുരുകന്‍ തമിഴ്‌നാട്ടുകാരനായതിനാലാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കൊല്ലം മെഡിസിറ്റി ആശുപത്രിയിലെത്തിച്ച മുരുകനെ കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഡോക്ടര്‍ ഒഴിവാക്കിയിരുന്നു.

പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായിരിന്നിട്ടും അത് അനുവദിച്ചില്ലെന്നും ആംബുലന്‍സ് ഉടമ രാഹുല്‍ പറഞ്ഞു. മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആംബുലന്‍സിലുണ്ടായിരുന്ന ആളിനോട് രോഗിയുടെ കൂടെ ആരാണുള്ളതെന്ന് ഡോക്ടര്‍ ചോദിച്ചു.

തമിഴ്‌നാട്ടുകാരനാണ്, കൂട്ടിരിപ്പുകാരില്ലാ എന്ന് മറുപടിനല്‍കിയതോടെ ഡോക്ടര്‍ വെന്റിലേറ്ററില്ലെന്ന് പറയുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മുരുകനുവേണ്ടി രണ്ടരലക്ഷം രൂപ ചിലവു വരുന്നതുകൂടി കണക്കിലെടുത്താകാം ചികിത്സ നല്‍കാതെ ഒഴിവാക്കിയതിനു പിന്നിലെന്നും രാഹുല്‍ പറഞ്ഞു.