വിരട്ടല്‍ വേണ്ടെന്ന് പിസി ജോര്‍ജിനോട് വനിതാകമ്മീഷന്‍: പ്രസ്താവന പദവി മറന്നുള്ളത്

single-img
13 August 2017

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയര്‍പേഴസ്ണ്‍ എം.സി ജോസഫൈന്‍. പി.സി ജോര്‍ജിന്റെ വിരട്ടല്‍ കമ്മീഷനോട് വേണ്ടെന്നും അവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്തീകള്‍ക്ക് എതിരെ എന്ത് അതിക്രമം ഉണ്ടായാലും കമ്മീഷന്‍ ഇടപെടും. ഇതിനുള്ള അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.

സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്. നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറുപുലര്‍ത്തേണ്ടവരാണ് ജനപ്രതിനിധികളെന്നും അവര്‍ വ്യക്തമാക്കി. ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷനെന്നും ഓര്‍മ്മിപ്പിച്ചു. പ്രബലമായ നിരവധി പേര്‍ കമ്മീഷനു മുമ്പില്‍ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്തുനിന്നും നീതി നിഷേധം ഉണ്ടായാലും ഇടപെടും ഒരു പരിഗണനയും ആര്‍ക്കുമില്ല. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കമ്മീഷന് നല്‍കിയിട്ടുള്ളഅധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നു ബോധ്യപ്പെടുത്തുന്ന കാലമാണ് വരുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.