ഉസൈന്‍ ബോള്‍ട്ടിന് കാലിടറി: ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം

single-img
13 August 2017

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിനായുള്ള അവസാന ഓട്ടത്തില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കാലിടറി. വിടവാങ്ങല്‍ മത്സരത്തിലെ 4*100 മീറ്റര്‍ റിലേയില്‍ പേശിവലിവിനെ തുടര്‍ന്ന് ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ മത്സരത്തോടെ ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞു. വിടവാങ്ങല്‍ മല്‍സരത്തില്‍ ബോള്‍ട്ടിനും ടീമിനും സ്വര്‍ണമോ വെള്ളിയോ എന്ന് കായിക ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, സ്വപ്നത്തില്‍ പോലും ഒരാരാധകന്റെ മനസ്സിലും കടന്നുവന്നിരുന്നില്ല ഇങ്ങനെയൊരു വിടവാങ്ങല്‍. മത്സരത്തില്‍ സ്വര്‍ണം ആതിഥേയരായ ബ്രിട്ടന്. 37.47 സെക്കന്‍ഡില്‍ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വര്‍ണം നേട്ടം. അമേരിക്ക 37.52 സെക്കന്‍ഡില്‍ വെള്ളി നേടി. 38.02 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ ജപ്പാന്‍ വെങ്കലം നേടി.

അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയര്‍ത്തി കുതിക്കുന്നു. ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയില്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറാനൊരുങ്ങുകയായായിരുന്നു ബോള്‍ട്ട്. എന്നാല്‍, പൊടുന്നനെ വേദനകൊണ്ട് പുളഞ്ഞ ബോള്‍ട്ട് ഞൊണ്ടിച്ചാടി മത്സരത്തില്‍ നിന്ന് പിന്‍മാറി. പരിക്കേറ്റ ബോള്‍ട്ട് വേഗം കുറച്ച് മത്സരത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ ലോകമെങ്ങുമുള്ള കായിക പ്രേമികള്‍ക്ക് ഒരു നിമിഷനേരത്തേക്ക് ശ്വാസം നിലച്ചു.