ബ്ലൂവെയ്ല്‍ പിടി മുറുക്കുന്നു; കൊലയാളി ഗെയിമില്‍ നിന്ന് കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം..?

single-img
13 August 2017

തിരുവനന്തപുരം: ബ്ലൂവെയ്ല്‍ ഗെയിം എന്ന മരണക്കളി ലോകമെമ്പാടും ഇപ്പോള്‍ ഒരു തരംഗമാണ്. ബ്ലൂവെയ്ല്‍ ഗെയിം കളിച്ചു തുടങ്ങിയാല്‍ കളിയുടെ അവസാനം മരണമെന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. കൗമാരക്കാരാണ് ബ്ലൂവെയ്ല്‍ ഗെയിമില്‍ ആകൃഷ്ടരായി മുന്നോട്ട് വരുന്നത്. ലോകമെമ്പാടും നൂറോളം കുട്ടികളാണ് ഈ കൊലയാളി ഗെയിം കളിച്ച് ആത്മഹത്യ ചെയ്തത്. തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്നതും.

കുട്ടികള്‍ പ്രധാനമായും ഇതില്‍ അകപ്പെടുന്നതിന് കാരണം സുഹൃത്തുക്കളുടെ ഇടയില്‍ ധീരപരിവേഷം കിട്ടുമെന്ന തോന്നലായിരിക്കാമെന്നാണ് മന:ശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും സാധാരണ മാനസിക നിലയുള്ളവരായിരിക്കില്ല ഇത്തരം കുട്ടികള്‍. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിന് പിന്നിലുണ്ടാകും. കുട്ടികളെ പെട്ടെന്നു സ്വാധീനിക്കും വിധം അമ്പത് ലെവലുകളിലായാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്.

ഗെയിം ലെവല്‍ 1 ആരംഭിക്കുമ്പോള്‍ അവസാന ലെവലില്‍ തങ്ങളുടെ ജീവന്‍ എടുക്കുമെന്ന് ഇവര്‍ അറിയുന്നില്ല. സാധാരണ ഗതിയില്‍ പ്ലേ സ്റ്റേറുകളില്‍ ബ്ലൂവെയ്ല്‍ ഗെയിം ലഭിക്കാറില്ല. ഇതു ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭിക്കാറുള്ളത്. 2013 ല്‍ റഷ്യയിലാണ് ബ്ലൂവെയിലിന്റെ ജനനം. മന:ശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തി രണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലര്‍ച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തില്‍ തന്നെ ചോര പൊട്ടിച്ച് കൈകളില്‍ ടാറ്റു വരക്കും. പ്രേത സിനിമകള്‍ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകള്‍ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോള്‍ തന്നെ കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവര്‍.

27ാം ദിവസം കൈയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിന്റെ ചിത്രം വരച്ച് സൈറ്റില്‍ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യും. ഇതാണ് ബ്ലൂ വെയില്‍ ഗെയിം.

ഗെയിം കളിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ വളരെ എളുപ്പമാണ്. ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ് , ഏത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം.

കുട്ടികളുടെ പെരുമാറ്റത്തില്‍ ഇത്തരം അസ്വഭാവികതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുന്നതാണ് ഉചിതം. കുട്ടികളുപയോഗിക്കുന്ന വീട്ടിലെ കമ്പ്യൂട്ടര്‍ പൊതുവായ സ്ഥലത്ത് മാത്രം വയ്ക്കുക. അനാവശ്യ സൈറ്റുകള്‍ കുട്ടികള്‍ എടുക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍െ സഹായത്തോടെ ഉറപ്പ് വരുത്തുക, ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാതിരിക്കുക. ഇതിലൂടെയൊക്കെ തന്നെ കുട്ടികളെ ഗെയിം കളിക്കുന്നതില്‍ നിന്ന് തടയാവുന്നതാണ്. കൂടാതെ കൗതുകത്തിന് വേണ്ടി പോലും ഇന്റനെറ്റില്‍ കുട്ടികള്‍ തിരയുന്നത് തടയുന്നതിലൂടെയും ബ്ലൂവെയ്ല്‍ ഗെയിമില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ സാധിക്കുന്നതാണ്.