ഒമാനില്‍ ശമ്പളവും ഭക്ഷണവുമില്ല , 800 ലേറെ തൊഴിലാളികള്‍ ദുരിതത്തില്‍

single-img
13 August 2017

മസ്‌ക്കറ്റ്: ഒമാനിൽ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നു ദുരിതത്തിലായി തൊഴിലാളികള്‍. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ മലയാളികളക്കം എണ്ണൂറിലധികം തൊഴിലാളികളാണ് ഇവിടെ സൊഹാറില്‍ ബുദ്ധിമുട്ടില്‍ കഴിയുന്നത്. തൊഴിലാളികള്‍ക്ക് നാലുമാസമായി വേതനം ലഭിക്കാത്തതാണ് ഇവരെ വലയ്ക്കുന്നത്.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ശമ്പളമോ ആവശ്യത്തിന് ഭക്ഷണമോ, ശുചീകരണ സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യം വന്നതോടെയാണ് എംബസിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് തൊഴിലാളികളുടെ ക്യാമ്പിലടക്കം എംബസിയുടെ ചെലവില്‍ ഭക്ഷണമെത്തിച്ചു നല്‍കി തുടങ്ങി.

ശുചീകരണ സൗകര്യങ്ങളുടെ അഭാവം മൂലം ലേബര്‍ ക്യാമ്പിലെ ചില തൊഴിലാളികള്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിരുന്നു. ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും എംബസി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒഴിവുകളുണ്ടെങ്കില്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ കമ്പനികള്‍ക്ക് കത്തെഴുതി. മാനവ വിഭവശേഷി മന്ത്രാലയവുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്ക് എന്‍ഒസി ലഭ്യമാക്കാനുള്ള നടപടികളും എംബസി നടത്തിവരുന്നുണ്ട്.

250 റിയാല്‍ മുതല്‍ ആയിരം റിയാലിന് മുകളില്‍ വരെ വേതനമുള്ളവരാണ് തൊഴിലാളികള്‍. കഴിഞ്ഞ നാലുമാസത്തെ വേതനവും മറ്റു ആനുകൂല്യങ്ങളുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. നാട്ടിലേക്ക് പോകാനാണ് കമ്പനി നിര്‍ദേശമെന്നും തൊഴിലാളികള്‍ പറയുന്നു. നാട്ടില്‍ പോകുന്ന പക്ഷം സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.