ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം: എം എ ബേബി

single-img
12 August 2017

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും, നരേന്ദ്രമോദിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം പോളിറ്റബ്യൂറോ അംഗം എം എ ബേബി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമാണെന്നും
സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവന് വിലവയ്ക്കാന്‍ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മുടേതെന്നും എം എ ബേബി. പറയുന്നു. കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണ് ഉത്തര്‍പ്രദേശിലെ ഈ ദുരന്തത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഒക്കെ വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ആണ് നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം എന്നു പരിഹസിച്ചുകൊണ്ടാണ് എം എ ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് ഓക്‌സിജന്‍ കിട്ടാത്തത് മൂലം കുട്ടികളടക്കം 63 പേര്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യ നാഥിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പ് പറയണമെന്നും, യോഗി ആദിത്യനാഥും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.