Latest News

മുരുകന്റെ മരണം: അറസ്റ്റ് ഭയന്ന് ഡോക്ടര്‍മാര്‍ ഒളിവില്‍

കൊല്ലം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയമായ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒളിവില്‍. പൊലീസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നുില്‍ കണ്ടാണ് കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രകളില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഡോക്ടര്‍മാര്‍ മുങ്ങിയത്.

രണ്ടാം ഘട്ടത്തില്‍ അന്വേഷണ സംഘം എത്തിയപ്പോള്‍ അവരുമായി സഹകരിക്കാതെ മാറി നിന്ന ഡോക്ടര്‍മാര്‍ വരാതിരുന്നതിന് മറ്റ് ചില കാരണങ്ങളാണ് ആശുപത്രി അധികൃതര്‍ നിരത്തിയത്. ചിലരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായില്ല. സി സി ടി വി ദൃശ്യങ്ങളും, ആശുപത്രി രേഖകളും, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും ഉള്‍പ്പടെയാണ് പൊലീസ് ശേഖരിച്ചത്. ഇനി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിയമോപദേശം തേടുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്. അറസ്റ്റ് ഒഴിവാകുന്നതിന് പ്രത്യേകിച്ച് സാഹചര്യമൊന്നും കാണുന്നില്ലെന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതേസമയം, ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം കുടുംബത്തിന് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. മുരുകന്റെ മരണത്തോടെ അനാഥരായ ഭാര്യയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യം. രക്ഷിക്കാമായിരുന്ന ജീവനാണ് ആശുപത്രികളുടെ നിസഹകരണം കാരണം നഷ്ടപ്പെട്ടതെന്ന് ബന്ധു വേലു പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്നിട്ടും ചികില്‍സ നിഷേധിക്കപ്പെട്ട് ഏഴു മണിക്കൂറോളം വിവിധ ആശുപത്രികള്‍ക്കു മുന്നില്‍ കാത്തു കിടക്കേണ്ടിവന്നതാണ് മുരുകനെ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം കുടുംബത്തിന് വേണ്ട സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഭാര്യ പാപ്പയ്ക്കും പത്തുവയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും ജീവിതം വഴിമുട്ടിയ നിലയിലാണ്. സ്വന്തമായി വീടോ, വസ്തുവോ ഇല്ല. ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം.
വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ എന്ന തമിഴ്‌നാട് സ്വദേശിയാണ് ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയ പാതയില്‍ ഇത്തിക്കരയ്ക്ക് സമീപം മുരുകന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിട്രീന ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു.

തുടര്‍ന്ന് ഉള്ളൂര്‍ എസ്.യുടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടേയും ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വീണ്ടും കൊല്ലത്തേക്ക് തിരിച്ച് വന്ന് അസീസിയ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയും സര്‍ജന്‍ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീണ്ടും മെഡിസിറ്റി ആശുപത്രിയില്‍ ബന്ധപ്പെട്ടു. എന്നാല്‍ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാര്‍ കൂടെ നില്‍ക്കാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ ആംബുലന്‍സില്‍ വെച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു. പുലര്‍ച്ചെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഏകദേശം ഏഴര മണിക്കൂറാണ് ഈ യുവാവ് മരണത്തോട് മല്ലിട്ട് ആംബുലന്‍സില്‍ കിടന്നത്.

കഴിഞ്ഞ ദിവസം മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സ കിട്ടാത്തത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം വേണമെങ്കില്‍ അതുംചെയ്യും. ഇനിയൊരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ച സംഭവം ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.