ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല

single-img
12 August 2017


തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെപറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.

എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഉത്തരവ്. കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിക്കെതിരെയാണ് ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടര്‍നടപടിക്കായി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു.
മെയ് 21നു വൈകുന്നേരത്തോടു കൂടി സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും കുടുംബാഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞതായി റാണിയുടെ പരാതിയില്‍ പറയുന്നു. ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ പറയുന്നു.