യഥാര്‍ത്ഥ ഗായകരെ വെല്ലും ഈ തടവുപുള്ളികള്‍, തീഹാര്‍ ജയിലിലെ ഗായകരെ കണ്ടെത്താൻ ‘തീഹാര്‍ ഐഡല്‍’

single-img
12 August 2017

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കൊടും കുറ്റവാളികള്‍ മാത്രമല്ലെ ഗായകരുമുണ്ടെന്ന് തെളിയിച്ച് ജയില്‍ അധികൃതര്‍. ഇരുമ്പഴിക്കുള്ളിലെ ഗായകരെ സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് അധികൃതതര്‍ കണ്ടെത്തിയത്. ‘തിഹാര്‍ ഐഡല്‍ ‘ എന്ന പേരിലാണ് തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. തടവുപുള്ളികള്‍ക്കായി സംഘടിപ്പിച്ച ഷോ മികച്ച നിലവാരം പുലര്‍ത്തിയ സന്തോഷത്തിലാണ് തിഹാര്‍ ജയില്‍ വകുപ്പ് അധികൃതര്‍. ഡല്‍ഹി പ്രിസണ്‍സും മ്യൂസിക് വണ്‍ റെക്കോര്‍ഡ്സും ചേര്‍ന്നാണ് ‘തിഹാര്‍ ഐഡല്‍’ എന്ന പേരില്‍ സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.

മത്സരത്തിന് മുന്നോടിയായി തടവുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പ്രിസണ്‍ കോംപ്ലക്സിലെ ജയില്‍ നമ്പര്‍ വണ്ണിലാണ് താല്‍ക്കാലിക സ്റ്റുഡിയോ ഒരുക്കിയത്. ചലച്ചിത്ര-സംഗീത മേഖലയില്‍ നിന്നുള്ള പ്രമുഖരായിരുന്നു പരിപാടിയുടെ വിധികര്‍ത്താക്കള്‍. വിവിധ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന വിദേശ പൗരന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

റിയാലിറ്റി ഷോയ്‌ക്കൊടുവില്‍ ആരാണ് മികച്ച ഗായകന്‍ എന്നു കണ്ടെത്താനായിരുന്നു പ്രയാസം. അത്ര മനോഹരമായ പ്രകടനമാണ് ഷോയില്‍ പങ്കെടുത്തവര്‍ കാഴ്ചവെച്ചത്. പഴയ ഹിന്ദി ഗാനങ്ങള്‍ , പുതിയതുമെല്ലാം ഷോയില്‍ അവതരിപ്പിച്ചു. വിദേശ പൗരന്‍മാരും സംഗീത മാമാങ്കത്തില്‍ അവരുടെ ഗാനങ്ങള്‍ പാടി ഷോയില്‍ അമ്പരിപ്പിച്ചു.പരിപാടിയുടെ പ്രോമോയും ശീര്‍ഷക ഗാനവും ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും.