അതിരപ്പള്ളി പ്രതിപക്ഷത്തും ഭിന്നസ്വരം; അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്ന് ഉമ്മൻ ചാണ്ടി;നടപ്പാകില്ലെന്ന് ചെന്നിത്തല

single-img
12 August 2017

കോട്ടയം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വിരുദ്ധ നിലപാടുകള്‍. പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി രംഗത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച് ഭിന്നത മുറുകിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സര്‍ക്കാരില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. ചര്‍ച്ച നടത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം അതിരപ്പിള്ളി വിഷയത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു. താനും ഉമ്മൻ ചാണ്ടിയും ഇതുമായി ബന്ധപ്പെട്ട് ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നും വ്യക്തമാക്കി.