‘പി.സി ജോര്‍ജിന്റെ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നത്’;പി.സി ജോര്‍ജിനെതിരെ കേസെടുക്കും

single-img
12 August 2017

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. ജോര്‍ജില്‍ നിന്ന് മൊഴി എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ സ്പീക്കര്‍ക്ക് ഉടന്‍ കത്ത് നല്‍കും.

ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നിരപരാധിയാണെന്നും ജോര്‍ജ് അവകാശപ്പെട്ടിരുന്നു.