ഹജ്ജ് തീര്‍ഥാടകരില്‍ പകര്‍ച്ച വ്യാധി ഇല്ലെന്ന് സ്ഥിരീകരിച്ച് സൗദി മന്ത്രാലയം

single-img
12 August 2017

റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും പുണ്യസ്ഥലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ഥാടകരുടെ ആരോഗ്യനില ഭദ്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകളും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു. തീര്‍ഥാടകര്‍ വരുന്ന രാജ്യങ്ങളെയും സൗദി എംബസികള്‍ വഴിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുന്ന അതിര്‍ത്തി കവാടങ്ങളില്‍ ഹെല്‍ത്ത് മോണിട്ടറിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ഏകോപനം നടത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ ആരോഗ്യരംഗത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ രോഗപ്രതിരോധത്തിനാണ് ആരോഗ്യ മന്ത്രാലയം ശ്രദ്ധനല്‍കുന്നത്.

മക്കയില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആസ്പത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ 1,004 തീര്‍ഥാടകരും ഔട്ട്പേഷ്യന്റ് വിഭാഗങ്ങളില്‍ 249 തീര്‍ഥാടകരും ചികിത്സ തേടി. 90 തീര്‍ഥാടകരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് ശസ്ത്രക്രിയകളും രണ്ട് താക്കാല്‍ദ്വാര ശസ്ത്രക്രിയകളും നടത്തി. 73 പേരെ ഡയാലിസിസിന് വിധേയമാക്കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരും. അതുകൊണ്ടുതന്നെ കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.