മന്ത്രിമാരും എംഎല്‍എമാരും പോലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്‌ളീല വീഡിയോ എത്തിയത് എങ്ങനെ ?

single-img
11 August 2017

തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും പ്രമുഖ സിപിഎം നേതാക്കളും പോലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്‌ളീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. 24 സെക്കന്റ് നീളുന്ന യുവതിയുടെ അശ്‌ളീല വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണവും തുടങ്ങി. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് വിഡിയോ എത്തിയത്.

പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതു വ്യാപക ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വലിയ സാങ്കേതികജ്ഞാനമില്ലാത്തതിനാല്‍ വിഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും ഇദ്ദേഹം വിശദീകരണം നല്‍കി.

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി. ഇതു ശ്രദ്ധയില്‍പെട്ടതോടെയാണു വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങളില്‍ പലരും അറിഞ്ഞതു തന്നെ.

എന്തായാലും അന്വേഷണം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടിരിക്കുകയും ഓഫീസിലെ മുഖ്യമന്ത്രിക്ക് എഴുത്തുകുത്തുകള്‍ തയ്യാറാക്കി കൊടുക്കുന്ന ചില അടുപ്പക്കാരിലേക്കും എത്തിയിരിക്കുകയാണ്. ഇവരില്‍ ഒരാളില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.