‘ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമെന്ന്’ അനൂപ് ജേക്കബ്: സഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

single-img
11 August 2017


തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി അനൂപ് ജേക്കബ്. ദിലീപ് വിഷയം വന്നതോടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണെന്ന് എഴുതി വയ്ക്കണമെന്നും അനൂപ് ജേക്കബ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്നും അനൂപ് ജേക്കബ് സഭയില്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ സാവകാശം കിട്ടിയില്ലെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ മറുപടി നല്‍കി. മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ആറു മാസം സാവകാശം തേടിയെങ്കിലും കേന്ദ്രം നല്‍കിയില്ലെന്നും അതിനാലാണ് മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതമായതെന്നും മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അഞ്ചരലക്ഷം പരാതികള്‍ സര്‍ക്കാരിന് മുന്നില്‍ എത്തയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 143693 കാര്‍ഡ് ഉടമകള്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 43396 കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തുവെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ 17 ലക്ഷം പരാതികള്‍ ലഭിച്ചതായും പരാതി പരിഹരിക്കാതെ കാര്‍ഡ് പ്രിന്റു ചെയ്തു കൊടുക്കുകയായിരുന്നുവെന്നും അനൂപ് ജേക്കബ് വിമര്‍ശിച്ചു.

അതേസമയം മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

..