പിഎഫ് അക്കൗണ്ട് മാറ്റാന്‍ ഓടിനടക്കേണ്ട: ജോലി മാറുന്നതിനൊപ്പം ഇനി പിഎഫ് അക്കൗണ്ട് താനെ മാറും

single-img
11 August 2017

ദില്ലി: നിലവില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് മാറി പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് പുതിയ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റിയെടുക്കുന്നതിന്റെ നൂലാമാലകളോര്‍ത്ത് ഇനി വിഷമിക്കേണ്ട. ജോലി മാറുന്നതിനൊപ്പം സ്വാഭാവികമായി പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക് മാറുന്ന സംവിധാനം അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് ചീഫ് പ്രൊവിഡന്റ്‌സ് ഫണ്ട് കമ്മീഷണര്‍ വിപി ജോയി അറിയിച്ചു.

‘തൊഴിലാളി എപ്പോഴൊക്കെ ജോലി മാറുന്നുണ്ടോ അപ്പോഴെല്ലാം പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ്. പിന്നീട് പുതിയ അക്കൗണ്ട് തുറക്കും. ഇതൊഴിവാക്കുകയാണു ലക്ഷ്യം. ഒറ്റ അക്കൗണ്ട് തുറന്നാല്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാം. സാമൂഹിക സുരക്ഷിതത്വത്തിന് പിഎഫ് അക്കൗണ്ട് ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അടുത്തമാസം മുതല്‍ പ്രത്യേകം അപേക്ഷിക്കാതെ തന്നെ തനിയെ അക്കൗണ്ടുകള്‍ പുതിയ തൊഴിലിടത്തിലേക്കു മാറും’ ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി.ജോയ് പറഞ്ഞു.

ആധാറുമായി ബന്ധിപ്പിച്ചാണു പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. എല്ലാ പിഎഫ് അക്കൗണ്ടുകളും ആധാറുമായി ലിങ്ക് ചെയ്യണം. ഇതോടെ രാജ്യത്ത് എവിടെ ജോലിക്കു പോയാലും പ്രശ്‌നമില്ല. അക്കൗണ്ട് ക്ലോസ് ചെയ്യുകയോ പുതിയത് തുറക്കുകയോ വേണ്ട. മൂന്നു ദിവസത്തിനകം പുതിയ സ്ഥാപനത്തിലേക്കു പിഎഫ് അക്കൗണ്ട് മാറുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്.പിഎഫ് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷത്തിനുശേഷം മുഴുവന്‍ പെന്‍ഷന്‍ നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വി.പി.ജോയി പറഞ്ഞു.