ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു: പ്രേരണയായത് പിരിച്ചുവിടൽ നോട്ടീസെന്ന് ആരോപണം

single-img
11 August 2017

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളം ചാനലിലെ ജീവനക്കാരിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴിലിടത്തെ മാനസികപീഡനമാണു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണു ആരോപണം. അമിത അളവിൽ മരുന്നുകൾ കഴിച്ച് അവശനിലയിലായ യുവതിയെ ഇന്നലെ വൈകിട്ടോടെ ചാക്ക ഈഞ്ചക്കലിലുള്ള അനന്തപുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചാനലിന്റെ പാനൽ പ്രൊഡ്യൂസർ ആയി ജോലി ചെയ്തിരുന്ന യുവതിയാണു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിലെ മാനേജ്മെന്റ് ചുമതലയുള്ള നാലുപേർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് ചാർജ്ജ് ചെയ്തതായി വഞ്ചിയൂർ സബ് ഇൻസ്പെക്ടർ ഇ വാർത്തയോട് പറഞ്ഞു. കേസന്വേഷണത്തിന്റെ ചുമതല തുമ്പ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18 ചാനലിൽ ഒരുപറ്റം ജേർണലിസ്റ്റുകളെ തെരെഞ്ഞുപിടിച്ചുള്ള പിരിച്ചുവിടൽ നടക്കുന്നതായി ആരോപിച്ചു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയ സി നാരായണൻ രംഗത്തെത്തിയതിനു പിന്നാലെയാണു പുതിയ വിവാദങ്ങൾ.

എന്നാൽ സാധാരണ ഏതു കമ്പനിയിൽ നടക്കുന്നതുപോലെയുള്ള പെർഫോമൻസ് റിവ്യൂവും നോട്ടീസ് അയയ്ക്കലും മാത്രമേ നടന്നിട്ടുള്ളൂവെന്നാണു ന്യൂസ് 18 ചാനലിലെ ജീവനക്കാർ ഇ വാർത്തയോട് പറഞ്ഞത്. ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരിയെ പിരിച്ചുവിട്ടിട്ടില്ലെന്നും രണ്ടുമാസത്തേയ്ക്കുള്ള നോട്ടീസ് ആണു നൽകിയതെന്നും ഇവർ പറയുന്നു.

ന്യൂസ് 18 ചാനലിനുള്ളിലെ രാ‍ഷ്ട്രീയ ചേരിപ്പോരിന്റെ ഭാഗമായി ചില മാധ്യമപ്രവർത്തകരെ കരിവാരിത്തേയ്ക്കാൻ നിലവിലെ സംഭവത്തെ എതിർവിഭാഗം ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. സംഭവം സ്ത്രീപീഡനമായും ദളിത് പീഡനമായും ചിത്രീകരിക്കാൻ ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു ഗൂഢാലോചന നടക്കുന്നതായും വിവരമുണ്ട്.