വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
11 August 2017

എം വെങ്കയ്യ നായിഡു രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ 244 നെതിരെ 516 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായത്. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി പദം രാജിവെച്ചാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ആന്ധ്ര പ്രദേശ് സ്വദേശിയാണ്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്ഥാനം ഒഴിഞ്ഞ ഹമീദ് അന്‍സാരിക്ക് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു.