കുവൈത്തിലെ അവിദഗ്ധ തൊഴിലാളികള്‍ വ്യാപകമായി ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്

single-img
11 August 2017

കുവൈത്തിലെ അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിഭാഗവും വിസാതട്ടിപ്പ് പോലെയുള്ള ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിലെ പഠന ഗവേഷണവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വിദേശികളില്‍ 73 ശതമാനം പേരും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിസ പുതുക്കാന്‍ സ്‌പോണ്‍സര്‍ക്കു പണം നല്‍കാന്‍ വിദേശികള്‍ ഭിക്ഷയെടുക്കേണ്ട സാഹചര്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. മറ്റു തൊഴിലാളികളെ അപേക്ഷിച്ചു ജോലിക്കൂടുതല്‍, അവധികള്‍, സേവനാനന്തര ആനുകൂല്യം എന്നിവ ലഭിക്കാതിരിയ്ക്കല്‍, പാസ്സ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ പിടിച്ചു വെക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇത്തരം തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016 ല്‍ മാത്രം 30000 തൊഴിലാളികള്‍ക്കെതിരെയാണ് ഒളിച്ചോട്ടത്തിന് പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രതിദിനം ശരാശരി 80 തൊഴിലാളികള്‍ വീതം സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുകയോ ഒളിച്ചോടുന്നതായി സ്ഥാപിക്കപ്പെടുകയോ ചെയ്യുന്നു എന്നാണു ഈ കണക്കു സൂചിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

വിസക്കച്ചവടക്കാര്‍ക്കു രാഷ്ട്രീയതലത്തിലും ഔദ്യോഗിക തലത്തിലും ഉയര്‍ന്ന സ്വാധീനം ചെലുത്താന്‍ കഴിയുന്നതു മൂലം വിസാക്കച്ചവടത്തിനും അനധികൃത റിക്രൂട്ട്‌മെന്റിനുമെതിരെയുള്ള പ്രസ്താവനകള്‍ രാജ്യത്തു ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിദേശികളും സ്വദേശികളും തമ്മില്‍ ജനസംഖ്യാനുപാതത്തിലുള്ള അന്തരം പോലെ തന്നെ അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും രാജ്യത്തു പലതരത്തിലുള്ള സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായും നാഷണല്‍ അസംബ്ലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യാചന ഉള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ വര്‍ധിക്കാനും അടിസ്ഥാനകാരണമായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് അവിദഗ്ധ തൊഴിലാളികളുടെ ആധിക്യമാണ്.