ഡിഎംകെ വേദിയില്‍ ഒരുമിച്ച് കമലും രജനിയും: താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ഉറ്റു നോക്കി തമിഴ്‌നാട്

single-img
11 August 2017

ചെന്നൈ: സിനിമയും രാഷ്ട്രീയവും കൂടി കുഴഞ്ഞു കിടക്കുന്ന തമിഴ് രാഷ്ട്രീയത്തില്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമല്‍ഹാസനും രജനീകാന്തും ഒരേ വേദിയില്‍ ഒന്നിച്ചെത്തി. ഡിഎംകെ മുഖപത്രം മുരശൊലിയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്.

ജയലളിതയുടെ മരണത്തോടെ സിനിമയില്‍ നിന്നുള്ള പുതിയ നേതാവിനെ പ്രതീക്ഷിച്ചിരിക്കുകയാണ് തമിഴ് ജനത. തമിഴ് രാഷ്ട്രീയത്തിലെ അടുത്ത താരമുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതോടെ ഇതിനുത്തരം രജനീകാന്തില്‍ നിന്നാണോ കമല്‍ഹാസനില്‍ നിന്നാണോ കിട്ടുന്നത് എന്നാണ് തമിഴ് രാഷ്രീയം ഉറ്റു നോക്കുന്നത്.

എഡിഎംകെ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് കമല്‍ ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുത്തത്. അഴിമതിക്കാരായ എഡിഎംകെ മന്ത്രിമാര്‍ക്കെതിരേ പരാതി നല്‍കുന്നതിന് ഓണ്‍ലൈനെ ആശ്രയിക്കാനും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവരോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും കമല്‍ഹാസന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണോയെന്നു പലരും ചോദിക്കുന്നുണ്ടെന്നു പ്രസംഗത്തിനിടെ പറഞ്ഞ കമല്‍ 1983 ല്‍ ഡിഎംകെയില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ട് കരുണാനിധി തനിക്ക് ടെലിഗ്രാം അയച്ചത് ചടങ്ങില്‍ അനുസ്മരിക്കുകയും ചെയ്തു. അതിനിതുവരെ താന്‍ മറുപടി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഡിഎംകെയെ പല തവണ വിമര്‍ശിക്കുകയും ചെയ്തിരുന്നതായി പറഞ്ഞു. മാത്രമല്ല പാര്‍ട്ടിയെ പലഘട്ടത്തില്‍ വിമര്‍ശിച്ചവരെ ആഘോഷച്ചടങ്ങിലേക്കു ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതു പുതിയ സംസ്‌കാരമാണെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

കമലിന്റെ പ്രസംഗം നടക്കുമ്പോള്‍ സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു രജനീകാന്ത്. പിന്നീട് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ രജനിയെ വേദിയിലേക്ക് വിളിച്ചു കയറ്റുകയും രജനി കമലിനൊപ്പം വേദി പങ്കിടുകയും ചെയ്തു. ഡിഎംകെ വേദിയില്‍ എത്തിയത് കരുണാനിധിയോടുള്ള അടുപ്പം കൊണ്ടാണെന്നും അതിനെ ഡിഎംകെ പ്രവേശമായി കണക്കാക്കേണ്ടതില്ലെന്നുമാണ് രജനി കേന്ദ്രങ്ങള്‍ പറയുന്നത്.

നേരത്തേ സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതിനേക്കുറിച്ച് സൂചന നല്‍കിയ രജനിയെ കഴിഞ്ഞയാഴ്ച ചില ബിജെപി നേതാക്കള്‍ കാണാനെത്തിയിരുന്നു. അതേസമയം ഈ വര്‍ഷം തന്നെ രജനി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്നാണ് വിവരം. രജനി ആള്‍ക്കൂട്ടത്തിന്റെ നേതാവാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മികച്ചതാണെന്നും മരുമകനും നടനുമായ ധനുഷ് പറഞ്ഞതും വാര്‍ത്തയായിരുന്നു.