കുട്ടികള്‍ക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്കു തടയിടാൻ മാതാപിതാക്കൾക്കായി ഐ.പി.എസ് ഓഫീസറുടെ പുസ്തകം ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ ?’

single-img
11 August 2017

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. അനുദിനം പുറത്തു വരുന്ന വാര്‍ത്തകള്‍ രക്ഷിതാക്കളെ ഭീതിയിലാഴ്ത്തുകയാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് നമ്മുടെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഭീഷണികളും അപകടങ്ങളും? അവയെ ഏതെല്ലാം വിധത്തില്‍ നേരിടാം, ഇവയ്ക്കെതിരായുള്ള മാനസികമായ പ്രതിരോധം ഏതു വിധത്തില്‍ വളര്‍ത്തി ശക്തിപ്പെടുത്തിയെടുക്കാം തുടങ്ങി രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചടക്കമുള്ള അതി ഗൗരവകരമായ നിരീക്ഷണങ്ങളുമായി ഐ.പി.എസ് ഓഫീസറുടെ പുസ്തകം പുറത്തിറങ്ങി.

ഒരു ദശാബ്ദത്തിലേറെ ഇന്റര്‍നെറ്റ് സുരക്ഷയുടെ വക്താവായി പ്രവര്‍ത്തിച്ച കെ. സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐ.പി.എസ് രചിച്ച ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ’ എന്ന 14 അധ്യായങ്ങളടങ്ങിയ പുസ്തകം രക്ഷിതാക്കളും അധ്യാപകരും ഡിജിറ്റല്‍ വിദ്യഭ്യാസം നേടേണ്ട പ്രാധാന്യത്തെക്കുറിച്ചും സൈബര്‍ ലോകത്തെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ചര്‍ച്ചചെയ്യുന്നു. ആഗസ്റ്റ് ആദ്യ വാരം പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടായിരത്തിലേറെ കോപ്പികള്‍ വായനക്കാരിലേക്കെത്തി കഴിഞ്ഞു.

തന്റെ പതിനഞ്ചു വയസുള്ള മകളുടെ അശ്ലീല വീഡിയോ അവളുടെ ഫേസ്ബുക്ക് പേജില്‍ കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഒരു അയല്‍വാസി രാത്രി ഫോണ്‍ ചെയ്തത്. അതില്‍ അവള്‍ ‘ലൈക്ക്’ ചെയ്തതായും കാണുന്നുണ്ടായിരുന്നു. നീയാണോ ഇത് ചെയ്തത്, എന്ന് മകളോട് ചോദിച്ചു. അവള്‍ അത് കണ്ണീരോടെ നിഷേധിച്ചു. ‘ഇല്ലമ്മേ, ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല’ അവളുടെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. സഞ്ജയ് കുമാറിന്റെ മുന്നിലേക്കെതിയ ഒരു കേസാണിത്.

സമാനമായ ഒരുപാടു കേസുകള്‍ ഇന്ത്യയിലും ലോകം മുഴുവനും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും എവിടെയോ എപ്പോഴോ നടന്ന ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം കാണുന്ന, എന്റെ കുട്ടിക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതുപോലെയുള്ള അപകടങ്ങള്‍, ചതികള്‍ എവിടെയും ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നതാണെന്ന് നിരവധി കേസുകള്‍ ഉദാഹരിച്ച് ചൂണ്ടിക്കാണിക്കുകയാണ് തിരുവനന്തപുരത്തെ മുൻ ഡെപ്യൂട്ടി കമ്മീഷണർ കൂടിയായിരുന്ന സഞ്ജയ് കുമാര്‍.

ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഓരോ ഘട്ടത്തിലും ഏതൊക്കെ രീതിയിലുള്ള ചതിക്കുഴികളുമായാണ് കുട്ടികളെ കാത്തു നില്‍ക്കന്നതെന്നതിന്റെ സൂക്ഷ്മ വശങ്ങളും, പീഡനത്തിനിരയാകുന്ന കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍, എടുക്കേണ്ട മുന്‍ കരുതലുകള്‍, എന്നിവയെല്ലാം അടങ്ങിയ ഒരു പഠനഗ്രന്ഥം തന്നെയാണ് സഞ്ജയ്യുടെ ‘നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ?’ എന്ന പുസ്തകം.

‘കുട്ടികള്‍ ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്ക് ഇരകളാകുന്നത് പലപ്പോഴും വേണ്ട സമയത്ത് കൃത്യമായ ഉപദേശങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ്. പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്തെന്നോ, അപകടം നടന്നാല്‍ എന്തുചെയ്യണമെന്നോ അവര്‍ക്കറിയില്ല. പുറത്തുള്ള ലോകത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മക്കളെ ബോധവാന്മാരാക്കുമ്പോഴും ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കാന്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ അവര്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത കുറ്റകൃത്യങ്ങളെക്കുറിച്ച്, അത്തരമൊരു അപകടത്തില്‍ പെട്ടാല്‍ പോലും, രക്ഷിതാക്കളുടെ പ്രതികരണം ഭയന്ന് തുറന്നു പറയാന്‍ മടിക്കുന്നു,’ സഞ്ജയ് കുമാർ പറയുന്നു.

സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ കണ്‍ മുന്നിലൂടെയാണ് കുട്ടികളെ പിന്തുടരുന്നത്. വീട്ടിലും കുട്ടികളുടെ കിടപ്പറയിലും വരെ അവര്‍ കടന്നു കയറുമ്പോഴും ഒന്നുമറിയാതെ നിങ്ങള്‍ കണ്ണടച്ചിരിക്കുകയല്ലേയെന്ന് ചോദിക്കുന്ന സഞ്ജയ്, ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവത്തില്‍ ഇന്റര്‍നെറ്റിന്റെ മായാലോകത്തില്‍ എത്തിപ്പെടുന്ന കുട്ടികള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാധ്യത കൂടുതലാണെന്നും രക്ഷിതാക്കളെ ഓര്‍മിപ്പിക്കുന്നു.