മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ്

single-img
11 August 2017

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട്, മേധാവിയായ സമിതിയില്‍ അനസ്‌തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗത്തിലെ മേധാവികളും അംഗങ്ങളാണ്. മുരുകനെ പരിശോധിക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും വിവിധ ആശുപത്രികളില്‍ ഏതെല്ലാം തലത്തില്‍ വീഴ്ചവരുത്തിയെന്ന് പരിശോധിച്ച് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

അതേസമയം മുരുകന്റെ മരണം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി അശോകന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. അതിനിടെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടി. കോടതിവിധികള്‍ തടസുമുണ്ടോ എന്നാണ് ആരായുക. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണസംഘം അറിയിച്ചു. മുരുകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനപൂര്‍വ്വമായ വീഴ്ചവരുത്തിയെന്നാണ് ആരോപണം. രണ്ട് വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞ് രോഗിയെ മടക്കി അയച്ചു. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ബദല്‍ സംവിധാമൊരുക്കിയില്ല. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന് മൊഴി നല്‍കി അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം.

അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങി. തിരികെ കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്.