ബക്കറ്റ് പിരിവിനെത്തിയ സിപിഎം നേതാക്കളോട് ‘കടക്ക് പുറത്തെന്ന്’ ദേവികുളം സബ്കളക്ടര്‍

single-img
11 August 2017

 

മൂന്നാര്‍: ബക്കറ്റ് പിരിവിനെത്തിയ സിപിഎം നേതാക്കളെ ദേവികുളം സബ്കളക്ടറുടെ ഓഫിസില്‍നിന്ന് പുറത്താക്കി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു സംഭവം. കണ്ണൂരില്‍ ഇ.കെ. നായനാര്‍ സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട പിരിവിനായി ദേവികുളം ആര്‍.ഡി.ഒ. ഓഫീസിലെത്തിയ സി.പി.എം. പ്രവര്‍ത്തകരെ സബ് കളക്ടര്‍ പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം ഗണ്‍മാന്‍ ഓഫീസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ആര്‍. ഈശ്വരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജോബി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പ്രവര്‍ത്തകരടങ്ങിയ സംഘമാണ് ബക്കറ്റുമായി സബ്കളക്ടറുടെ ഓഫിസില്‍ കയറിച്ചെന്നത്. ദേവികുളം സബ്കളക്ടറുടെ ഓഫിസിലെ ജീവനക്കാരില്‍നിന്നു പിരിവെടുക്കുകയായിരുന്നു ഉദ്ദേശ്യം.

എന്നാല്‍, ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സബ്കളക്ടറുടെ ഗണ്‍മാന്‍ പ്രമോദ്, സിപിഎം നേതാക്കളെ ഓഫിസിന്റെ വരാന്തയില്‍ തടഞ്ഞു. ഓഫിസ് പ്രവര്‍ത്തനസമയത്തു പിരിവുകാരെ ഉള്ളില്‍ പ്രവേശിപ്പിക്കരുതെന്നു സബ്കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ കര്‍ശനനിര്‍ദേശം ഉണ്ടെന്നും ഇക്കാരണത്താല്‍ ഉള്ളില്‍ കടക്കാന്‍ അനുവദിക്കില്ലെന്നും ഗണ്‍മാന്‍ പിരിവുകാരെ അറിയിച്ചു.

ഇതോടെ ഗണ്‍മാനു നേരെയായി സിപിഎം പ്രവര്‍ത്തകരുടെ രോഷം. ഗണ്‍മാനോടു തട്ടിക്കയറിയ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സബ്കളക്ടറെ നേരിട്ടു കാണണമെന്നും പരാതി പറയണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതിനും ഗണ്‍മാന്‍ അനുമതി നല്‍കിയില്ല. കുറച്ചുസമയം തര്‍ക്കിച്ചുനിന്ന പിരിവുകാര്‍ ഓഫിസിനു പുറത്തിറങ്ങി. ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ദേവികുളത്തു പ്രകടനവും നടത്തി.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പിരിവിനിറങ്ങിയതെന്നും സബ്കളക്ടറുടെ ഓഫിസിനുള്ളില്‍ പ്രവേശനം നിഷേധിച്ചതു ശരിയായില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍ പറഞ്ഞു. ഓഫിസില്‍ ഗണ്‍മാനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഓഫിസിനുള്ളില്‍ തന്നെയുണ്ടായിരുന്നു. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിനെതിരെ ശക്തമായ നിലപാട് എടുത്ത ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനെത്തുടര്‍ന്നാണ് വയനാട് സബ്കളക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ മൂന്നാറിലെത്തിയത്.