അധ്യാപകന്റെ സമയോചിത ഇടപെടല്‍ രക്ഷയായി: ‘ബ്ലൂവെയിലില്‍’ ആത്മഹത്യ ചെയ്യാനിറങ്ങിയ വിദ്യാര്‍ഥിയെ രക്ഷിച്ചത് ഇങ്ങനെ

single-img
11 August 2017

ഇന്‍ഡോര്‍: ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ അസംബ്ലി കഴിഞ്ഞ ഉടന്‍ കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ രണ്ട് സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ തടയാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ കായികാദ്ധ്യാപകന്‍ ഫാറൂഖ് ഇടപെട്ടാണ് വിദ്യാര്‍ത്ഥിയെ തിരികെ കൊണ്ടുവന്നത്. ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഭാഗമായാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തി. അച്ഛന്റെ ഫോണിലാണ് ഗെയിം കളിച്ചതെന്നും കുട്ടി പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ ഇതുവരെ കുട്ടി ഗെയിം കളിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ ബ്ലൂവെയില്‍ ഗെയിം കളിയാണ് കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന വാദം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. കാരണം ഓരോ ലെവല്‍ കഴിയുമ്പോഴും കയ്യില്‍ മുറിവേല്‍പ്പിക്കണമെന്നതാണ് ഗെയിമിന്റെ നിയമങ്ങളിലൊന്ന്. അങ്ങനെയെങ്കില്‍ 50 ലെവല്‍ ആകുമ്പോള്‍ തിമിംഗലത്തിന്റെ രൂപത്തില്‍ 50 മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാകണം. ഇതു കാണാത്തതിനാലാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം ഈ മരണക്കളിയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. കഴിഞ്ഞ ആഴ്ച മുംബയില്‍ 14കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങിലായി നൂറോളം കൗമാരക്കാരാണ് ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ഇതുവരെ ആത്മഹത്യ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗെയിം കളിച്ച് വീടുവിട്ടിറങ്ങിയ 14 കാരനെ പുനെ പൊലീസ് കണ്ടെത്തിയിരുന്നു.