ഒരു സ്ത്രീക്കെതിരെയും മോശം ഭാഷ പ്രയോഗിക്കരുത്;ആരാധകര്‍ക്ക് താക്കീതുമായി വിജയ്

single-img
10 August 2017

ചെന്നൈ:മാധ്യമ പ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകര്‍ക്ക് താക്കീതുമായി തമിഴ് നടൻ വിജയ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു. ഞാന്‍ ഈ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആര്‍ക്കും ആരുടേയും സിനിമകളെ വിമര്‍ശിക്കാനുള്ള ആവിഷ്‌ക്കാര സ്വാതന്ത്യമുണ്ട്. ഒരു സ്ത്രീക്കെതിരെയും മോശം ഭാഷ പ്രയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം-വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു.

വിജയ് നായകനായ സുര എന്ന ചിത്രം മോശമായിരുന്നെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരില്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രനെതിരെ അശ്ലീല വര്‍ഷവുമായി വിജയ് ആരാധകർ രംഗത്തെത്തിയിരുന്നു. ധന്യയെ ഇല്ലാതാക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. 30000 തവണയാണ് ധന്യാ രാജേന്ദ്രന്‍ എന്ന പേര് ട്വിറ്ററിൽ മെന്‍ഷന്‍ ചെയ്ത് വിജയ് ആരാധകർ ഭീഷണി മുഴക്കിയത്.

സുര എന്ന ചിത്രം ഇന്റര്‍വെല്‍ വരെയെ കണ്ടിരിക്കാനായുള്ളൂ എന്നാല്‍ ജബ് ഹാരി മെറ്റ് സെജള്‍ അത്ര പോലും സഹിച്ചിരിക്കാന്‍ പറ്റില്ലെന്നായിരുന്നു ധന്യ രാജേന്ദ്രന്റെ ട്വീറ്റ്. ഇതിനു പിന്നാലെയാണ് ഭീഷണിയും അസഭ്യ വര്‍ഷവും ഉണ്ടായത്. ഭീഷണി ദിവസങ്ങളോളം നീണ്ടപ്പോള്‍ കഴിഞ്ഞ ദിവസം ധന്യ ചെന്നൈ സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആരാധകരെ താക്കീത് ചെയ്ത് വിജയ് രംഗത്തെത്തിയത്.ധന്യയെ അധിക്ഷേപിച്ചതില്‍ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ എന്നിവര്‍ പ്രതിഷേധിച്ചു.