വാഹന ഇന്‍ഷുറന്‍സിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സുപ്രീംകോടതി

single-img
10 August 2017

ന്യൂഡല്‍ഹി: പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനിമുതല്‍ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ് പുതിയ നിര്‍ദേശം.

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്ത നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു ഉത്തരവ്.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തില്‍ ഒരു റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ തലസ്ഥാന മേഖലയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി നാലാഴ്ചത്തെ സമയവും കോടതി അനുവദിക്കുകയുണ്ടായി.