“ദിലീപിന് പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല; അകത്താക്കാന്‍ ഗൂഢാലോചന നടത്തിയത് സിനിമയിലെ പ്രബലര്‍”

single-img
10 August 2017

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും, പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അറസ്റ്റോടെ താന്‍ അഭിനയിച്ച സിനിമയുടെ അണിയറക്കാരും പ്രതിസന്ധിയിലായി. നാലോളം സിനിമകളാണ് മുടങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 50 കോടിയോളം രൂപ നിര്‍മാതാക്കള്‍ മുടക്കിയിട്ടുണ്ടെന്നും അറസ്റ്റ് കാരണം ഈ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുടെ ഉപജീവനം തന്നെ ഇല്ലാതായിരിക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ആദ്യ ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം മുന്നോട്ടുവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല. കേസിലെ മുഖ്യതെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ തന്നെ പോലീസിനോട് പറഞ്ഞു കഴിഞ്ഞു. അപ്പുണ്ണി ചോദ്യം ചെയ്യലിനായി പോലീസിന് മുന്നില്‍ ഹാജരാവുകയും ചെയ്തു. കേസുമായി ഇതുവരെയും പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ദിലീപ് ജാമ്യാപേക്ഷയിലൂടെ കോടതിയെ അറിയിച്ചു.

അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ അഭിഭാഷകന്‍ രാംകുമാര്‍ മുഖേന നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയിരുന്നത്. അതേസമയം ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്.