കുമ്മനത്തെ വെല്ലുവിളിച്ച് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണന്‍

single-img
10 August 2017

വ്യാജ രസീത് വാര്‍ത്ത ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ട്ടി നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണന്‍ നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ പറഞ്ഞു. യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പഫുല്‍ കൃഷ്ണന്‍.

മാധ്യമങ്ങള്‍ക്ക് വ്യാജരസീത് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പ്രഫുല്‍ കൃഷ്ണ പറഞ്ഞു. തനിക്ക് എതിരായ കണ്ടെത്തല്‍ സത്യസന്ധതമല്ലെന്നും നടപടിക്ക് എതിരെ ദേശീയ നേത്രത്വത്തെ സമീപിക്കുമെന്നും പ്രഫുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബിജെപി സംഘടനാ സംവിധാനത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ നീക്കിയ നടപടിയില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. സാധാരണഗതിയില്‍ ബിജെപിയിലെ സംഘടനാ സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്കനടപടി എടുക്കണമെങ്കില്‍ അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമേ നടപടി എടുക്കാനാവൂ. എന്നാല്‍ ബിജെപി നേതൃത്വം ഇത് വരെ വി.വി.രാജേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് ചില നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

സംഘടനാ സംവിധാന പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജേഷിനെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് മുരളീധരപക്ഷം പറയുന്നു. രാജേഷിന് പറയുവാനുള്ളത് കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. കോഴ വാങ്ങിയ നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ, റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ മാത്രം നടപടിയെടുക്കുന്നത് ശരിയായ രീതിയല്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് വി മുരളീധരന്‍ വിഭാഗത്തിന്റെ തീരുമാനം.

അന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ ചോര്‍ന്നു എന്ന് നേതൃത്വം പാര്‍ട്ടിയിലും വിശദീകരിക്കുന്നില്ല. അഴിമതിയേക്കാള്‍ വലുത് റിപ്പോര്‍ട്ട് ചോര്‍ത്തിയതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് നേതൃത്വമെന്നും മുരളീധരപക്ഷം കുറ്റപ്പെടുത്തുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇതോടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.