വിട്ടുവീഴ്ചയില്ലാതെ സൗദി: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരും

single-img
10 August 2017

റിയാദ്: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൗദി. സൗദിയിലെ വിമാനത്താവളങ്ങളും സൗദി വ്യോമ മേഖലയും ഉപയോഗിക്കുന്നതിന് ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.  സമുദ്രത്തിനു മുകളില്‍ ഖത്തറുമായി സൗദി അറേബ്യ വ്യോമാതിര്‍ത്തി പങ്കിടുന്നില്ല. ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച മറ്റു രാജ്യങ്ങള്‍ പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സമുദ്രത്തിനു മുകളിലുള്ള വ്യോമ മേഖലയിലൂടെ ബദല്‍ പാതകള്‍ നിശ്ചയിച്ചിരുന്നു.
അന്താരാഷ്ട്ര വ്യോമ പാതകളിലെ കടുത്ത തിരക്ക് കുറക്കുന്നതിന് അധിക പാതകള്‍ തുറക്കുന്നതിനും ഖത്തറിനെ ബഹിഷ്‌കരിക്കുന്ന മറ്റു രാജ്യങ്ങള്‍ തുടക്കം മുതല്‍ ശ്രമിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെയും ഖത്തറിനെ ബഹിഷ്‌കരിച്ച മറ്റു രാജ്യങ്ങളിലെയും വ്യോമ മേഖലകള്‍ ഖത്തര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അതോറിറ്റി അറിയിച്ചു. സൈനിക മേഖലയായതിനാല്‍ ദക്ഷിണ സൗദി അതിര്‍ത്തിയിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് കടന്നുപോകുന്നതിന് സാധിക്കില്ല. ഈ മേഖലയിലൂടെ വിമാനങ്ങള്‍ പറത്തുന്നതിന് സമ്പൂര്‍ണ വിലക്കുണ്ട്.
ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യം കാണിക്കുന്നതിനെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗം പ്രശംസിച്ചിട്ടുണ്ട്. ഫ്‌ളൈറ്റ്‌റഡാര്‍ 24′ പോലുള്ള ചില സൈറ്റുകളുടെ ചിത്രങ്ങള്‍ കൃത്യമാകില്ല. മേഖലയിലെ റിസീവറുകളുടെയും ട്രാന്‍സ്മിറ്ററുകളുടെയും ലഭ്യതയെയാണ് ഇത്തരം സൈറ്റുകള്‍ അവലംബിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ അഭാവത്തില്‍ ഏറ്റവും ഹ്രസ്വമായ റൂട്ടുകളാണ് സിസ്റ്റം കാണിക്കുകയെന്നും അതോറിറ്റി പറഞ്ഞു.
ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമമേഖല തുറന്നുകൊടുത്തിട്ടില്ലെന്ന് യു.എ.ഇയും ബഹ്‌റൈനും വ്യക്തമാക്കി. അന്താരാഷ്ട്ര ജലാതിര്‍ത്തിക്കു മുകളിലുള്ള, യു.എ.ഇ മേല്‍നോട്ടം വഹിക്കുന്ന വ്യോമമേഖല മാത്രമാണ് ഖത്തറിനെ ഉപയോഗിക്കുന്നതിന് അനുവദിച്ചിരിക്കുന്നതെന്ന് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി സൈഫ് അല്‍സുവൈദി അറിയിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ക്കു തങ്ങളുടെ വ്യോമ മേഖല തുറന്നുകൊടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നിഷേധിച്ചു. ബഹ്‌റൈന്‍ വ്യോമമേഖല ഖത്തര്‍ വിമാനങ്ങള്‍ക്കു മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്.
സമുദ്രത്തിനു മുകളിലുള്ള മുഴുവന്‍ വ്യോമപാതകളും ജൂണ്‍ 11 മുതല്‍ തുറന്നിട്ടിട്ടുണ്ട്. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അന്താരാഷ്ട്ര ജലാതിര്‍ത്തിക്കു മുകളില്‍ വ്യോമഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബഹ്‌റൈനിലെ സമുദ്രത്തിനു മുകളില്‍ എമര്‍ജന്‍സി പാതകള്‍ അധികമായി നീക്കിവെക്കുക മാത്രമാണ് ചെയ്തത്. തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ട വ്യോമമേഖലയിലൂടെ ഖത്തര്‍ വിമാനങ്ങളെ കടന്നുപോകുന്നതിന് അനുവദിച്ചുവെന്ന് ഇത് ഒരിക്കലും അര്‍ഥമാക്കുന്നില്ലെന്നും അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.