മട്ടന്നൂര്‍ ഇടതുകോട്ട തന്നെ: വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി

single-img
10 August 2017

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 35 സീറ്റുകളില്‍ 28 എണ്ണത്തിലും വിജയം നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 21 സീറ്റുകളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫില്‍ നിന്ന് ഏഴുസീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2012 ല്‍ 14 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ ഏഴില്‍ ഒതുങ്ങി.

നഗരസഭയില്‍ ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം മോഹമായിത്തന്നെ അവശേഷിച്ചു. എന്നാല്‍ മൂന്നു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. കരയാറ്റ, മേറ്റടി, കോളാരി എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.

35 സീറ്റുകളുള്ള നഗരസഭയില്‍ 18 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂരില്‍ ഭരണത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്.

എന്നാല്‍ യുഡിഎഫിന് വന്‍തിരിച്ചടിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കിയിരുന്നു. റോഡില്‍ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.