“മലയാളീ ഡാ”: ദുബായ് പൊലീസും പറഞ്ഞു, സത്യസന്ധതയില്‍ മലയാളി മുന്നിലെന്ന്

single-img
10 August 2017

ദുബായ്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറാണ് കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി മാതൃകയായത്. ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ ചെറിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ 24,000 ദിര്‍ഹവും ചാര്‍ജ് ഇല്ലാത്ത ഒരു പഴയ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു.

ഉടന്‍ ദുബായ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി. റഫ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഫോണ്‍ ചാര്‍ജ് ചെയ്ത് അതില്‍ കണ്ട ഒരു നമ്പരില്‍ വിളിക്കുകയായിരുന്നു. മറുതലയ്ക്കല്‍ ഫോണെടുത്ത ശിവകുമാര്‍, തന്റെ സ്ഥാപനത്തിലെ പാചകക്കാരന്‍ ശെല്‍വരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയാണ് ശെല്‍വരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു ശെല്‍വരാജ്. പിന്നീട് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പണം കൈപറ്റുകയായിരുന്നു.

ദുബായില്‍ 28 വര്‍ഷമായി ജോലി ചെയ്യുന്ന ശെല്‍വരാജിന്റെ ശമ്പളം പ്രതിമാസം 1,700ദിര്‍ഹമാണ്. രണ്ട് പെണ്‍മക്കളുണ്ട് ശെല്‍വരാജിന്. നാട്ടിലേക്ക് മടങ്ങാനും മകളുടെ വിവാഹം നടത്താനുമായി ചേര്‍ന്ന കുറി വിളിച്ച് കിട്ടിയ പണമാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടത് കൈയിലിരുന്ന വലിയ ബാഗ് കീറിയതിനാലാണെന്ന് ശെല്‍വരാജ് പറയുന്നു.

റോഡില്‍ നിന്ന് കിട്ടിയ പണം തിരികെയേല്‍പ്പിക്കാന്‍ സന്മനസ് കാണിച്ച ജുലാഷ് സത്യസന്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നാണ് റഫാ പൊലീസ് പറയുന്നത്. കൂടാതെ റഫാ പൊലീസ് ജുലാഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.