‘മാഡ’ത്തെ ഒഴിവാക്കി മറ്റ് രണ്ടുപേരുടെ അറസ്റ്റ് ഉടന്‍: കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതി

single-img
10 August 2017


കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. നടിയെ ഉപദ്രവിച്ച സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഒന്നാം പ്രതിയായും തുടരും. കേസില്‍ സുനില്‍കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്.

അതേസമയം, കേസിന്റെ തുടക്കം മുതല്‍ കേട്ട് തുടങ്ങിയ ‘മാഡ’ത്തെ അന്വേഷിച്ച് വിലപ്പെട്ട സമയം വെറുതെ കളയേണ്ടതില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അന്വേഷണത്തില്‍ വലിയ മുന്നേറ്റമാണു പൊലീസുണ്ടാക്കിയത്.

ഇത്തരം അതീവ ഗൗരവ സ്വഭാവമുള്ള കേസുകളില്‍ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം നടത്താന്‍ പൊലീസിനു നിയമപരമായി അവകാശമുണ്ട്. ഈ ദിവസ പരിധിക്കുള്ളില്‍ കുറ്റപത്രം തയ്യാറായില്ലെങ്കില്‍ പ്രതിക്ക് ജാമ്യം കിട്ടും. അതുകൊണ്ടാണ് എത്രയും വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കാന്‍ പൊലീസ് ഒരുങ്ങുന്നത്്. ഇതോടെ ദിലീപിന് ജയിലില്‍ തന്നെ തുടരേണ്ടി വരും.

ഭാവിയില്‍ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടു തന്നെയാകും കുറ്റപത്രം നല്‍കുക. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ രണ്ട് അഭിഭാഷകരില്‍ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്. നാദിര്‍ഷാ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരാണ് സംശയ നിഴലില്‍. പക്ഷേ ഇവരെ ഗൂഢാലോചനയില്‍ കുടുക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ജൂലൈ 10 നാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. അന്വേഷണം സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് ദിലീപ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് വിധേയമാക്കിയ മൂന്ന് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 28 ദിവസം ദിലീപ് ജയിലിലായിരുന്നു. കേസില്‍ ദിലീപ് രക്ഷപ്പെടാതിരിക്കാനായി സൂക്ഷ്മമായാണ് കേസ് പോലീസ് കൈകാര്യം ചെയ്തത്.

തുടര്‍ന്ന് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയാണുണ്ടായത്. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച് ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്ന് വിലയിരുത്തിയായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.