ഒടുവില്‍ മോദിയുടെ കേന്ദ്ര സര്‍ക്കാരും പറഞ്ഞു: കേരളം തന്നെ നമ്പര്‍ വണ്‍

single-img
10 August 2017


ദില്ലി: ‘എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു’ എന്ന കേരള സര്‍ക്കാറിന്റെ ക്യാമ്പയിന്‍ തുടരുന്നതിനിടെ ഗ്രാമപ്രദേശത്തെ വീടുകളില്‍ ശൗചാലയമുള്ള രാജ്യത്തെ മികച്ച സംസ്ഥാനം കേരളമെന്ന് പ്രഖാപിച്ച് കേന്ദ്ര സര്‍ക്കാരും. കുടിവെള്ള ശുചീകരണ മന്ത്രാലയം പുറത്തുവിട്ട സര്‍വ്വേയിലാണ് കേരളത്തിലെയും ഹരിയാനയിലെയും ഗ്രാമങ്ങളില്‍ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നത്.

രാജ്യത്തെ 1.4 ലക്ഷം ഗ്രാമീണ വീടുകളില്‍ ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയാണ് മന്ത്രാലയം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്, തൊട്ടു പിന്നിലാണ് ഹരിയാന. ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ബീഹാറില്‍ ഗ്രാമപ്രദേശത്തെ 30ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയം ഉള്ളത്. ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ശൗചാലയമുള്ള ഗ്രാമീണ വീടുകള്‍ 37 ശതമാനമാണ്. സിക്കിം, മണിപ്പൂര്‍, നാഗാലാന്റ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 95 ശതമാനം വീടുകളിലും ശൗചാലയം ഉണ്ട്.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും 90 ശതമാനം ഗ്രാമീണ വീടുകളിലുമുണ്ട് ശൗചാലയം. ഗുജറാത്തിലെ സാഹചര്യം മെച്ചപ്പെട്ട് 85 ശതമാനത്തിലെത്തി. പട്ടികയില്‍ 12ാം സ്ഥാനത്താണ് ഗുജറാത്ത്. തമിഴ്നാട്ടില്‍ 79 ശതമാനം ഗ്രാമീണ വീടുകളിലും ശൗചാലയം ഉണ്ട്. പുതുച്ചേരിയിലെ 43 ശതമാനം ഗ്രാമീണ വീടുകളിലാണ് ശൗചാലയമുള്ളത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4626 ഗ്രാമങ്ങളില്‍ നടന്ന സര്‍വ്വേ പ്രകാരം 62.45 ശതമാനം ഗ്രാമീണ വീടുകള്‍ക്കാണ് ശൗചാലയ സൗകര്യം ഉള്ളത്. 91.29 ശതമാനം ആളുകളും ഒരിക്കലെങ്കിലും ശൗചാലയങ്ങള്‍ ഉപയോഗിച്ചവരാണെന്നും ഇത് മികച്ച മാറ്റത്തിന്റെ പ്രതീകമാണെന്നും സര്‍വ്വേ പറയുന്നു.