ഡോക് ലാമില്‍ സൈന്യത്തിന്റെ തയ്യാറെടുപ്പ്: ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

single-img
10 August 2017

ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിമിലെ ഡോക്‌ലാമില്‍ നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ദോക്‌ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദോക് ലായില്‍ കഴിഞ്ഞ ഏഴ് ആഴ്ചയായി ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ ചൈനീസ് മാധ്യമങ്ങളും പ്രതിനിധികളും പ്രതികരിക്കുകയും ചെയ്തിരുന്നു.

ഡോക്ലാമിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരായ നടപടിക്ക് കൗണ്ട്ഡൗണ്‍ തുടങ്ങാറായെന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതോടെയാണ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിച്ചത്. സൈനിക നടപടിയുണ്ടായാല്‍ ആള്‍നാശം തടയുന്നതിന് വേണ്ടിയാണോ സുക്‌നയില്‍ നിന്ന് ഡോക്ലാമിലേക്ക് നീങ്ങുന്ന സൈനികര്‍ക്ക് താമസസ്ഥലം ഒരുക്കുന്നതിന് വേണ്ടിയാണോ ഇത്തരമൊരു നിര്‍ദേശമെന്ന് വ്യക്തമല്ല.

എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അല്‍പം നേരത്തെ നടത്തുന്നുവെന്നാണ് അവരുടെ വിശദീകരണം.

അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു ഡോക് ലാമില്‍ പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പക്ഷെ, ഇന്ത്യയാണ് അതിര്‍ത്തി കടന്ന് അതിക്രമിച്ചു കയറിയത് എന്നാണ് ചൈനയുടെ വാദം. മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നുണ്ട്.