താരരാജാവ് അഴിക്കുള്ളിലായിട്ട് ഒരുമാസം: പുറംലോകം എന്ന് കാണാന്‍ കഴിയും എന്ന ആശങ്കയില്‍ ദിലീപ്

single-img
10 August 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ നടന്‍ ദിലീപ് ജയിലിലായിട്ട് ഇന്ന് ഒരു മാസം തികയുന്നു. പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത മൂന്ന് ദിവസങ്ങളൊഴിച്ചാല്‍ ബാക്കി 28 ദിവസവും അഴിക്കുള്ളിലായിരുന്നു ദിലീപ്. ഗുരുതരമായ ക്രിമിനല്‍ കേസില്‍പ്പെട്ട് ഒരു മാസം കഴിയുമ്പോഴും ജയിലില്‍നിന്ന് എന്നു പുറത്തിറങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയിലാണു ദിലീപും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.

അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്നു മൂന്നു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ 523ആം നമ്പര്‍ റിമാന്‍ഡ് തടവുകാരനാണ്.

അറസ്റ്റിലായതോടെ ആരാധകര്‍ മാത്രമല്ല സിനിമാലോകമൊന്നാകെയും ദിലീപിനെ തളളിപ്പറഞ്ഞു. താരസംഘടനയായ അമ്മയടക്കം സിനിമാ സംഘടനകളില്‍ നിന്നെല്ലാം താരരാജാവ് പുറത്താക്കപ്പെട്ടു. ഭൂമി ഇടപാടുകളും, സ്വന്തം സ്ഥാപനങ്ങള്‍ക്കായി സ്ഥലം കയ്യേറിയെന്ന പരാതികളുമെല്ലാം കൂടുതല്‍ തിരിച്ചടിയായി ദിലീപിനുമേല്‍ വന്നു പതിച്ചു. ഭാര്യ കാവ്യാ മാധവനടക്കം അടുത്ത കുടുംബാംഗങ്ങള്‍ പോലും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരാകേണ്ട അവസ്ഥയും വന്നു. ജയിലില്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന സൂചനകളുമെത്തി.

ഇതിനിടെ മൂന്നു തവണ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടുകയും ചെയ്തു. മുമ്പ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പുതിയ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേന ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ദിലീപ്.

ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത്. ജാമ്യം നിരസിക്കാന്‍ പോലീസ് മുമ്പ് പറഞ്ഞ ന്യായങ്ങളൊന്നും ഇനി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അന്വേഷണത്തോട് ഏത് വിധേനെയും സഹകരിക്കാന്‍ തങ്ങള്‍ ഒരുക്കവുമാണ്. എന്നാല്‍ ജാമ്യാപേക്ഷയെ പൂര്‍ണ്ണമായി എതിര്‍ക്കുമെന്നും ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതി നടപടികള്‍ അന്വേഷണ സംഘത്തിനും നിര്‍ണ്ണായകമാണ്.

ദിലീപിന് ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും ഈ മാസംതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഹൈക്കോടതി ജാമ്യം തള്ളുകയും തൊട്ടുപിന്നാലെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ ദിലീപിന്റെ ജയില്‍വാസം വീണ്ടും നീളും.