മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി

single-img
10 August 2017

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുരുകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണ്. ആശുപത്രികളില്‍ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയൊരു ദാരുണസംഭവം ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതാണ് മരണകാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 54 വെന്റിലേറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്.

മുന്‍കാലത്ത് വാങ്ങിയിട്ട് ഉപയോഗ ശൂന്യമായ വെന്റിലേറ്ററുകളുടെ കണക്കാണ് പ്രതിപക്ഷം പറയുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചെന്ന ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നും കെ.കെ.ശൈലജ പറഞ്ഞു.

ഇതിനിടെ മുരുകനെ മരണത്തിലേക്ക് തള്ളിവിട്ട സ്വകാര്യാശുപത്രികളേ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. നിലവിലുള്ള നിയമങ്ങള്‍ക്കും മെഡിക്കല്‍ എത്തിക്‌സിനും വിരുദ്ധമായിട്ടാണ് സ്വകാര്യാശുപത്രികള്‍ മുരുകനോട് പെരുമാറിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.