ഇന്റര്‍നെറ്റ് കോളിലൂടെ പണംതട്ടിയ കേസ്; ബിജെപി നേതാവിന്റെ ചെറുമകന്‍ അറസ്റ്റില്‍

single-img
10 August 2017

ജയ്പൂര്‍: ഇന്റര്‍നെറ്റ് കോളിലൂടെ പണംതട്ടിയ കേസില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ രാധേശ്യാമിന്റെ ചെറുമകന്‍ അറസ്റ്റില്‍. അഴിമതി വിരുദ്ധ ബ്യൂറോയാണ് (എസിബി) സഹില്‍ രാജ്പാലിനെ (31) രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തത്. എസിബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്.

പൊതുജനാരോഗ്യ എന്‍ജിനീയറിങ് വിഭാഗത്തിലെ എന്‍ജിനീയര്‍മാരെയാണ് സഹില്‍ സമീപിച്ചത്. ഇവരില്‍നിന്ന് 1.5 ലക്ഷം ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് വഴി വ്യാജ കോളുകള്‍ വിളിച്ചു പണം തട്ടുന്നതു സംബന്ധിച്ച കേസ് രാജസ്ഥാനില്‍ ആദ്യത്തേതാണെന്നും എസിബി ഐജി സച്ചിന്‍ മിത്തല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ഫെബ്രുവരി മുതല്‍ പൊലീസ് പ്രതിയുടെ പിന്നാലെയായിരുന്നെന്നും ഒന്‍പതു രാജ്യങ്ങളിലെ ടെലികോം കമ്പനികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും മിത്തല്‍ അറിയിച്ചു. ജയ്പൂരിലെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന കേസുകളില്‍ ഇയാള്‍ക്കുള്ള പങ്കിനെ സംബന്ധിച്ചും ചോദ്യം ചെയ്യുന്നുണ്ടെന്ന് എസിബി എസ്പി തേജസ്വിനി ഗൗതം പറഞ്ഞു.