സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷം: രാജേഷിനെതിരെയുള്ള നടപടിയില്‍ നേതാക്കള്‍ക്ക് അമര്‍ഷം

single-img
10 August 2017

തിരുവനന്തപുരം: ബിജെപി സംഘടനാ സംവിധാനത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ നീക്കിയ നടപടിയില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. സാധാരണഗതിയില്‍ ബിജെപിയിലെ സംഘടനാ സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്കനടപടി എടുക്കണമെങ്കില്‍ അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമേ നടപടി എടുക്കാനാവൂ. എന്നാല്‍ ബിജെപി നേതൃത്വം ഇത് വരെ വി.വി.രാജേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് ചില നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

സംഘടനാ സംവിധാന പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജേഷിനെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് മുരളീധരപക്ഷം പറയുന്നു. രാജേഷിന് പറയുവാനുള്ളത് കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. കോഴ വാങ്ങിയ നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ, റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ മാത്രം നടപടിയെടുക്കുന്നത് ശരിയായ രീതിയല്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് വി മുരളീധരന്‍ വിഭാഗത്തിന്റെ തീരുമാനം.

അന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ ചോര്‍ന്നു എന്ന് നേതൃത്വം പാര്‍ട്ടിയിലും വിശദീകരിക്കുന്നില്ല. അഴിമതിയേക്കാള്‍ വലുത് റിപ്പോര്‍ട്ട് ചോര്‍ത്തിയതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് നേതൃത്വമെന്നും മുരളീധരപക്ഷം കുറ്റപ്പെടുത്തുന്നു.  അഴിമതിക്കാരെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇതോടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.