അന്തരിച്ച ഉഴവൂര്‍ വിജയനെതിരെ എന്‍സിപി സംസ്ഥാന സെക്രട്ടറിയുടെ ‘കൊലവിളി’ ശബ്ദരേഖ പുറത്ത്

single-img
9 August 2017

കൊച്ചി: അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ചാണ് ‘അവന് അടിയും കൊടുക്കും, മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം, ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടും’ എന്ന രീതിയില്‍ സുല്‍ഫിക്കര്‍ സംസാരിച്ചത്.

ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ആവശ്യമുയരുന്നതിനിടെയാണ് ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പ് നടന്ന സംഭാഷണം പുറത്തായിരിക്കുന്നത്. ശബ്ദരേഖ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

ഇതിനുപിന്നാലെ സുല്‍ഫിക്കര്‍ ഉഴവൂര്‍ വിജയനെ നേരിട്ടും വിളിക്കുകയുണ്ടായി. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്നാണ് സന്തതസഹചാരി സതീഷ് കല്ലക്കോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഉഴവൂര്‍ വിജന്റെ കുടുംബത്തിനെയും സംഭാഷണത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. അതേസമയം സംഭാഷണം മുഴുവനായും പുറത്ത് വിട്ടിട്ടില്ല.

കായംകുളം സ്വദേശിയായ എന്‍സിപി നേതാവ് മുജീബ് റഹ്മാന്‍ എന്നയാളോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്. പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സ്ഥീരികരിച്ചിട്ടുണ്ട്. ഈ സംഭാഷണം പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയായെന്നും ഇതില്‍ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചതായും ഉഴവൂര്‍ അറിയിച്ചിരുന്നതായി മൂജീബ് പറയുന്നു. പാര്‍ട്ടിയുടെ യൂത്ത് വിങും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഊ സംഭാഷണത്തില്‍ താന്‍ മാനസികമായി തളര്‍ന്നു പോയതായും മുജീബ് പറഞ്ഞു.

അതേസമയം, ഫോണ്‍സംഭാഷണത്തില്‍ കേള്‍ക്കുന്നതു തന്റെ ശബ്ദമല്ലെന്ന് സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു മുജീബ് റഹ്മാന്‍ അല്ലെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്നു മുജീബ് റഹ്മാന്‍ പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്‍സിപിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ മനംമടുത്തു നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന്‍ തയാറെടുത്തിരുന്നതായി എന്‍സിപി നേതാവും വിജയന്റെ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുമ്പോള്‍ താന്‍ ഒപ്പമുണ്ടായിരുന്നുവെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുപോയെന്നുമാണു സതീഷ് കല്ലക്കോട് പറഞ്ഞത്.