മറക്കാനാകുമോ ഒരുകാലത്ത് ഓഫീസുകളിലെ നിലയ്ക്കാത്ത ഈ ശബ്ദം: രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ഇതാണോ നല്ലത്?

 

തിരുവനന്തപുരം: ഒരു കാലത്ത് ഇന്ത്യന്‍ ഭരണസിരാകേന്ദ്രങ്ങളുടെ ആധാരശിലയായി കണ്ടിരുന്ന ഒരു ഉപകരണമായിരുന്നു ടൈപ്‌റൈറ്റര്‍. ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കെല്ലാം ആശ്രയിച്ചിരുന്ന ഏക സംവിധാനം ടൈപ്‌റൈറ്റര്‍ മാത്രമായിരുന്നു. കമ്പ്യൂട്ടര്‍ വരുന്നതിന് തൊട്ട് മുമ്പ് എല്ലാ പ്രധാനപ്പെട്ട ഓഫീസുകളിലും ടൈപ്‌റൈറ്റര്‍ ആയിരുന്നു മുഖ്യ ടൈപിങ് യന്ത്രം.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ പലരഹസ്യവിവരങ്ങളും ടൈപ്പ് ചെയ്ത് സുക്ഷിക്കാന്‍ ആശ്രയമായിരുന്നതും അക്ഷരങ്ങളുടെ ചെറിയ നിര്‍മ്മിതിയില്‍ ഒരുക്കിയ ഈ ഉപകരണമായിരുന്നു. എങ്കില്‍ കാലങ്ങള്‍ ഏറെ മുമ്പോട്ട് സഞ്ചരിച്ചപ്പോള്‍ ഈ ഉപകരണത്തിന്റെ ഉപയോഗം പതിയെ ഒഴിവാക്കപ്പെടുകയും ഇതിന്റെ സ്ഥാനം ഓഫീസുകളിലെ ഒഴിഞ്ഞമുറികളില്‍ മാത്രമായി അവശേഷിക്കുകയും ചെയ്തു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവരെ വ്യവസായവല്‍ക്കരണത്തിന്റെ പ്രതീകം എന്നു വിശേഷിപ്പിച്ച ഈ ഉപകരണം വീണ്ടും ഭരണസിരാകേന്ദ്രങ്ങളില്‍ തിരിച്ചുവരുണമെന്ന് ആശിക്കാത്തവര്‍ വിരളമാണ്.

ടൈപ്‌റൈറ്റിങ് ജോലി തന്നെ മരണാസന്നമായി മാറിയ കാലഘട്ടത്തില്‍ ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ ടൈപ്‌റൈറ്ററുടെ നിലയ്ക്കാത്ത ശബ്ദം കേള്‍ക്കാന്‍ സാധിക്കുമോ എന്ന് ഈ ജോലിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.

കമ്പ്യൂട്ടറുടെ വരവോടെ എനിമി പ്രോപ്പര്‍ട്ടി ആയി മാറിയ ടൈപ്‌റൈറ്റര്‍ സൈബര്‍ അറ്റാക്കുകകള്‍ നടത്തി രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമായ ഈ കാലഘട്ടത്തില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയ ഓഫീസുകളില്‍ വരെ ഉപയോഗിച്ചു തുടങ്ങിയിട്ടും ഇന്ത്യയില്‍ ഈ സംവിധാനം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല എന്ന് സാങ്കേതിക രംഗത്തെ പ്രമുഖര്‍ വരെ ചോദിക്കുന്നു.

പ്രത്യേകിച്ചും വനാക്രൈ പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യ നേരിട്ട സാഹചര്യത്തിലും. തോമസ് ആല്‍വ എഡിസണ്‍ എന്ന ആദരണീയനായ പ്രതിഭാശാലിയുടെ കണ്ടുപിടിത്തങ്ങളില്‍ തന്നെ ഏറ്റവും വേറിട്ടത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടൈപ്‌റൈറ്റര്‍ ഒരിക്കല്‍ കൂടി ഓഫീസ് മുറികളില്‍ 80 90 കാലഘട്ടങ്ങളെ ഓര്‍മ്മിപ്പിച്ച് തിരികെ എത്തുന്നതിനായി വീണ്ടും നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.