എംഎല്‍എ ആകണമെന്ന കെ സുരേന്ദ്രന്റെ മോഹങ്ങള്‍ പൊലിയുന്നു

single-img
9 August 2017


കൊച്ചി: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ സുരേന്ദ്രന് തിരിച്ചടി. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ച 45 പ്രവാസികള്‍ക്ക് കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹര്‍ജിക്കാരന്‍ വഹിക്കണമെന്ന വിധിയാണ് സുരേന്ദ്രന് തിരിച്ചടിയായത്.

കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന 45 പേരില്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇവര്‍ക്ക് നാട്ടിലെത്തി ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് വരുന്ന ഭീമായ ചെലവ് ഹര്‍ജിക്കാരന്‍ തന്നെ വഹിക്കണമെന്നാണ് കോടതി വിധി.

അതേസമയം ഇവരെ കോടതിയില്‍ എത്തിച്ചാലും കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നതും പ്രായോഗികമല്ല. പ്രവാസികള്‍ക്ക് യാത്രാ ചെലവ് നല്‍കുന്ന കാര്യത്തില്‍ ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ചുപോയവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖിനെ വിജയത്തിലെത്തിച്ചതെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചുപോയവരാണെന്ന് സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നവരില്‍ ഭൂരിഭാഗം പേരും നേരത്തെ തന്നെ കോടതിയില്‍ ഹാജരായിരുന്നു.

ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള കൂടുതല്‍ പേരെ എത്തിക്കാനുള്ള കോടതി വിധി. 89 വോട്ടുകളില്‍ കൂടുതല്‍ കൃത്രിമം നടന്നുവെന്ന് സുരേന്ദ്രന്‍ തെളിയിക്കണം. എങ്കില്‍ മാത്രമേ വിധി റദ്ദാക്കുകയുള്ളൂ. സുരേന്ദ്രന്റെ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതി വാറണ്ട് അയച്ചിരുന്നു. ബൂത്ത് നമ്പര്‍ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്പര്‍ 60ലെ വോട്ടര്‍ ഉപ്പള സ്വദേശി ജബ്ബാര്‍, 85ലെ വോട്ടര്‍ കുമ്പള സ്വദേശി മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ക്കാണ് വാറണ്ട് അയച്ചത്.

ഇതിന് പിന്നാലെയാണ് വിദേശത്തുള്ളവര്‍ക്ക് വിമാനക്കൂലി നല്‍ണമെന്ന കോടതി ഉത്തരവ്. കേസില്‍ ഇതുവരെ ഹാജരായത് 154 പേരാണ്.  ആറ് പരേതര്‍ അടക്കം 253 പേര്‍ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് വിജയിച്ചതെന്നാരോപിച്ചാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. ആറ് പരേതരുടെതായി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ലിസ്റ്റില്‍ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി സത്യാവസ്ഥ ബോധിപ്പിക്കുകയും ചെയ്തു.

മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, പഞ്ചായത്തുകളില്‍ നിന്നുള്ള പത്തുപേര്‍ കോടതിയില്‍ ഹാജരായി തങ്ങള്‍ സ്വയം വോട്ട് ചെയ്തതാണെന്നും നാട്ടില്‍ കൃഷി ചെയ്തു ജീവിക്കുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. തങ്ങള്‍ക്ക് ഭൂരിഭാഗം പേര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലെന്നും പ്രവാസികളല്ലെന്നും ഇവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ വിസ്തരിക്കേണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ കേസ് ജയിക്കുമെന്ന് സുരേന്ദ്രന് തന്നെ ഉറപ്പില്ല. അതുകൊണ്ട് കൂടിയാണ് 43 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കണമെന്ന കോടതി നിര്‍ദേശത്തില്‍ സുരേന്ദ്രന്‍ തീരുമാനം എടുക്കാത്തത്. ഇതിന് വിസമ്മതം പ്രകടിപ്പിച്ചാല്‍ കേസ് തന്നെ ഇല്ലാതാകുകയും ചെയ്യും.

അതേസമയം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ ടിക്കറ്റ് എടുത്ത് നല്‍കാനാള്ള നീക്കത്തിലാണ് സുരേന്ദ്രന്‍. ഒരാള്‍ക്ക് കുറഞ്ഞത് 40,000 രൂപ വേണ്ടി വരും. അതായത് കാല്‍ കോടി രൂപയോളം ഉണ്ടെങ്കില്‍ മാത്രമേ വിദേശത്തുള്ളവരെ കോടതിയില്‍ എത്തിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിയാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നത്.

എന്നാല്‍ വിജയിക്കുമെന്ന ഉറപ്പ് സുരേന്ദ്രന് ആര്‍ക്കും നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വം ഇത്രയും വലിയ തുക നല്‍കി ഇങ്ങനൊരു ബാധ്യത ഏറ്റെടുക്കുമോ എന്നും ഉറപ്പില്ല. ഇതോടെ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്താമെന്ന സുരേന്ദ്രന്റെ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് രംഗത്ത് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാജി വെക്കുന്ന പ്രശനമില്ലെന്നും കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ, അപ്പോള്‍ കാണാം എന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.