ബിജെപി ഭരണത്തിന്റെ ‘മുഖമുദ്രയോ’ ഇത്?: അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

single-img
9 August 2017

വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീലടിച്ച് അധികൃതരുടെ ക്രൂരത. മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്.

സംഭവം പുറംലോകം അറിഞ്ഞതോടെ മനുഷ്യാവകാശ കമ്മിഷന്‍ ജയില്‍ ഡിജിപിയോട് വിശദീകരണം തേടി. പിതാവിനെ കാണാന്‍ ജയിലിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കണമെങ്കില്‍ സീലടിക്കണമെന്ന് പറഞ്ഞാണ് അധികൃതര്‍ കുട്ടികളുടെ മുഖത്ത് സീലടിച്ചത്.

കുട്ടികളുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നുവെങ്കിലും നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ജയില്‍ മന്ത്രി കുസും മെഹ്‌ദേല്‍ പറഞ്ഞു

അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ജയില്‍ സൂപ്രണ്ട് ദിനേഷ് നാര്‍ഗവെ പറഞ്ഞു.