ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി സന ഫാത്തിമ യാത്രയായി: മരണത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

single-img
9 August 2017

കാസര്‍ഗോഡ്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാണത്തൂരില്‍ നിന്നും കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയ്ക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ച്ചയായി ഒരു നാട് മുഴുവന്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പക്ഷേ തിരച്ചിലുകളും പ്രാര്‍ത്ഥനകളും വിഫലമാക്കി നാട്ടുകാരെ മുഴുവന്‍ നൊമ്പരത്തിലാഴ്ത്തിക്കൊണ്ട് സനാ ഫാത്തിമ വിടവാങ്ങിയിരിക്കുകയാണ്.

സമീപത്തെ പവിത്രകയം പുഴയില്‍ നിന്നും കുഞ്ഞു സനയുടെ മൃതദേഹം കിട്ടിയെങ്കിലും ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഒരു നാട് മുഴുവന്‍ തേങ്ങുകയാണിപ്പോള്‍. ബന്ധുക്കളിലും നാട്ടുകാരിലും മരണവാര്‍ത്തയുടെ നടുക്കം ഇതുവരെ മാറിയിട്ടില്ല. വെള്ളത്തെ അത്രയേറെ പേടിയുള്ള സന ഒരുപാട് ദുരൂഹതകള്‍ അവസാനിപ്പിച്ചാണ് പ്രിയപ്പെട്ടവരെ വിട്ട് യാത്രയായിരിക്കുന്നത്.

പാണത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ബാപ്പുക്കയത്തെ ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്തവളായ സനയെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പൊടുന്നനെ സനയെ കാണാതാവുകയായിരുന്നു. വീടിനു തൊട്ടടുത്തായുള്ള അങ്കണവാടിയില്‍ നിന്നും കുട്ടിയെ ഉമ്മ ഹഫീന കൂട്ടിക്കൊണ്ട് വന്നതായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

വീടിന് സമീപത്തെ സിമന്റ് പൈപ്പിന്റെ ഓവുചാലിന്റെ ഓരത്തായി സനയുടെ ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു. ഓവുചാലില്‍ കുടുങ്ങിയോ എന്നറിയാനായി പൈപ്പ് പൊട്ടിച്ച് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. വീടിന് മുന്നിലെ നീര്‍ച്ചാലില്‍ വീണുപോയ കുട്ടി ഒഴുകി പുഴയില്‍ മുങ്ങിപ്പോയതാകാമെന്നായിരുന്നു പൊലീസിന്റെ നിലപാട്.

എന്നാല്‍ പൊലീസിന്റെ ഈ വാദം സനയുടെ മാതാപിതാക്കളും ബന്ധുക്കളും ആദ്യമേ തന്നെ തള്ളിയിരുന്നു. അവളെ കാണാതായത് വെള്ളത്തില്‍ വീണായിരിക്കില്ല. കാരണം സന ഫാത്തിമയ്ക്ക് വെള്ളം അത്രയേറെ പേടിയാണെന്നാണ് പിതാവ് ഇബ്രാഹിം പറഞ്ഞത്. എന്നാലും ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ച് തിരച്ചിലില്‍ പങ്കെടുക്കുകയായിരുന്നെന്നാണ് ആ പിതാവ് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചത്്. കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ ഭാഗങ്ങളില്‍ എത്താറുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട നാടോടി സംഘത്തെ നീലേശ്വരത്തുള്ള അവരുടെ താമസസ്ഥലത്തുവച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

ഇതിനിടയില്‍ കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി എന്ന് കാസര്‍കോടുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശവും പരന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്‍പസമയത്തിന് ശേഷം തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമ ചോദിക്കുന്നതായി ചൂണ്ടിക്കാട്ടി ഇതേ നമ്പറില്‍ നിന്ന് മറ്റൊരു സന്ദേശവും വന്നു. ഇതും ദുരൂഹതയ്ക്കിടയാക്കിയിരുന്നു.

ആറു ദിവസമായി നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ദരും തുടരുന്ന തിരച്ചിലിന് അറുതി വരുത്തിക്കൊണ്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സനാ ഫാത്തിമയുടെ മൃതദേഹം പവിത്രകയം പുഴയില്‍ നിന്ന് കണ്ടെത്തിയത്. പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹം ലഭിച്ചെങ്കിലും സനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഇപ്പോഴും തുടരുകയാണ്. കുട്ടി ഓവുചാലില്‍ വീഴാനുള്ള സാദ്ധ്യത വിരളമാണെന്നാണ് വീട്ടുകാരും ബന്ധുക്കളും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. കാരണം, ഇതാദ്യമായല്ല കുട്ടി വീട്ടുമുറ്റത്തിരുന്ന് കളിക്കുന്നത്. ഓവുചാല്‍ അപകടകരമാണെന്ന് കുട്ടിക്ക് അറിയാവുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല, വെള്ളം കണ്ടാല്‍ ഭയക്കുന്ന സന ഒരിക്കലും വെള്ളക്കെട്ട് നിറഞ്ഞ ഓടയിലേക്ക് ഇറങ്ങിച്ചെല്ലില്ലെന്നും മാതാപിതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇത് സംബന്ധിച്ച ദുരൂഹത അല്‍പമെങ്കിലും നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.