ഇനി ഖത്തറില്‍ പോകാന്‍ വിസ വേണ്ട: സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല

single-img
9 August 2017

ദോഹ: ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാനാകുക. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇത് ഉടന്‍ പ്രാബല്യത്തിലായെന്നും ഉത്തരവില്‍ പറയുന്നു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. നേരെ വിമാനം കയറി അവിടെയെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല.

രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.

യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.