ഖത്തര്‍ വിമാനങ്ങള്‍ ഇനി ബഹ്‌റൈന്‍ വഴി പറക്കും

single-img
9 August 2017

മനാമ: ഖത്തറിനെതിരായ വ്യോമവിലക്കില്‍ ഇളവ് നല്‍കാന്‍ സന്നദ്ധരായി ബഹ്‌റൈന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച മുതല്‍ വ്യോമപാത തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബഹ്‌റൈന്റെ ഭാഗത്ത് നിന്നുള്ള ഖത്തര്‍ അനുകൂല നടപടികളില്‍ പ്രധാനപ്പെട്ടതാണ് വ്യോമപാത തുറന്നു കൊടുക്കുന്നത്.

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഇളവു കൂടിയാണിത്. ചൊവ്വാഴ്ച മുതല്‍ ബഹ്‌റൈന്റെ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന്‍ ഖത്തറിനായി തുറന്നു കൊടുക്കുമെന്നും കൂടുതല്‍ വ്യോമമേഖല ആഗസ്ത് 17 മുതല്‍ തുറക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി അലക്‌സ് മാഷേരാസ് ട്വിറ്ററിലൂടെ വ്യക്തമാക്കുകയുണ്ടായി.

ഖത്തര്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം വിലക്കി ജൂണ്‍ അഞ്ചിനാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനം കൈക്കൊണ്ടത്. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ എയര്‍വേസ് ഇതിനെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ സമീപിക്കുകയയായിരുന്നു.

എന്നാല്‍ തീവ്രവാദത്തെ പിന്തുണക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും സമാന നടപടി കൈക്കൊള്ളാന്‍ യു.എന്‍ അനുമതി നല്‍കുന്നുവെന്നാണ് സൗദി അനുകൂല രാജ്യങ്ങള്‍ ഓര്‍ഗനൈസേഷനു മുമ്പാകെ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ജൂലൈ 31ഓടെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനിലെ മുഴുവന്‍ അംഗങ്ങളും ചിക്കാഗോ കണ്‍വെന്‍ഷനിലെ നിയമങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതു പ്രകാരമാണ് ബഹ്‌റൈന്‍ വ്യോമവിലക്ക് നീക്കാന്‍ സന്നദ്ധമായതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഖത്തറിന്റെ ആവശ്യപ്രകാരം കനഡയിലെ മോണ്‍ട്രിയാലില്‍ നടന്ന സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷെന്റ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്.